ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനുള്ള ബാങ്കിംഗ് റെഗുലേഷന്‍ ആക്ടട് ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ചൊവ്വാഴ്ച പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ശബ്ദവോട്ടോടുകൂടിയാണ് ബില്‍ പാസാക്കിയത്. ബില്‍ പാസാക്കുന്നതിലൂടെ സഹകരണ ബാങ്കുകളുടെ പ്രൊഫഷണലിസവും ഭരണ നിര്‍വഹണവും മെച്ചപ്പെടുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം. അതേസമയം, നോട്ടു നിരോധനത്തിന് പിന്നാലെ കൂടുതല്‍ സഹകരണ ബാങ്കുകളെ കൂടുതല്‍ ദുരിതത്തിലേക്ക് കൊണ്ടുപോവുന്ന നിയന്ത്രണങ്ങളാണ് കേന്ദ്രം കൊണ്ടുവരുന്നതെന്ന് ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ബില്‍ ഉപരിസഭ കടന്നത്. ജൂണ്‍ 26ലെ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണിത്.

ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് മാത്രമാണ് ഭേദഗതിയെന്നും കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബാങ്കുകളെ നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. പിഎംസി ബാങ്ക് അഴിമതിക്ക് പിന്നാലെ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബില്‍ പാസാക്കിയതെന്നും നിക്ഷേപകരുടെ താത്പര്യം പൂര്‍ണ്ണമായും സംരക്ഷിക്കുമെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു.

അതേസമയം, കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തില്‍ ഒറ്റക്കെട്ടായ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതോടെ ശൂന്യമായ സഭയില്‍ കശ്മീര്‍ ഭാഷ വിഷയത്തിലടക്കം ബില്ലുകള്‍ പാസാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിഷേധം വകവക്കാതെ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. എന്നാല്‍ ഇത് അനൂകൂല ഘടകമാക്കി പത്തിലേറെ ബില്ലുകളാണ് ഇന്ന് ഇരു സഭകളിലുമായി മോദി സര്‍ക്കാര്‍ പാസാക്കിയെടുത്തത്.

പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ കശ്മീര്‍ ഭാഷ ബില്ലിന് പുറമെ മൂന്ന് തൊഴില്‍ ബില്ലുകളും കേന്ദ്രം ലോക്‌സഭയില്‍ പാസാക്കി. പ്രതിപക്ഷ എംപിമാരുടെ അഭാവത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വര്‍ അവതരിപ്പിച്ച മൂന്ന് ലേബര്‍ ബില്ലുകളാണ് ശബ്ദ വോട്ടോടുകൂടി ലോക്‌സഭ പാസാക്കിയത്. തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ജോലിസ്ഥലം സംബന്ധിച്ചുള്ള ബില്‍, വ്യവസായവുമായി ബന്ധപ്പെട്ട ബില്‍, സാമൂഹിക സുരക്ഷ സംബന്ധിച്ച ബില്‍ എന്നീ തൊഴില്‍ ബില്ലുകളാണ് പാസായത്.  കേന്ദ്ര ഭരണപ്രദേശമായി മാറിയ ജമ്മു കശ്മീരിലെ ഔദ്യോഗിക ഭാഷ സംബന്ധിച്ച ബില്ലും പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ലോക്‌സഭ പാസാക്കി. കശ്മീര്‍, ഡോംഗ്രി, ഹിന്ദി എന്നീ ഭാഷകള്‍ കശ്മീരിലെ ഔദ്യോഗിക ഭാഷകളായി ഉള്‍പ്പെടുത്തുന്നതിനുള്ള ബില്ലാണിത്. ലോക്‌സഭയില്‍ ബില്ലുകള്‍ നാളെ രാജ്യസഭയിലും പാസാവുന്നതോടെ ഇവ നിയമമായി മാറും.