തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് അന്വേഷണത്തിനാണ് ഉത്തരവിറങ്ങിയത്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നിരുപാധികം അന്വേഷിക്കാനാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

അതേസമയം, വിജിലന്‍സ് അന്വേഷണം അംഗീകരിക്കാനാവില്ലെന്ന് അനില്‍ അക്കര എംഎല്‍എ പറഞ്ഞു. ലൈഫില്‍ മിഷനില്‍ സിബിഐ അന്വേഷണം വരുമെന്ന ഭയത്തിലാണ് സര്‍ക്കാര്‍ തിരക്കിട്ട് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അനില്‍ അക്കര ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും സ്ഥാനം ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്നും സിബിഐ അന്വേഷണത്തെ ഭയമുള്ളതിനാലാണ് ഇപ്പോള്‍ വിജിലന്‍സിന് കൈമാറിയതെന്നും അനില്‍ അക്കര പറഞ്ഞു.