ന്യൂഡല്‍ഹി: നോട്ടുനിരോധനം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഉത്തരം നല്‍കാനാവാതെ കേന്ദ്ര സര്‍ക്കാര്‍. എന്തിനു വേണ്ടിയായിരുന്നു നോട്ടു നിരോധനം, എന്ത് പ്രയോജനമാണ് ഇതിലൂടെ ലഭിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുമ്പിലാണ് കേന്ദ്ര സര്‍ക്കാറും ധനമന്ത്രിയും വിയര്‍ത്തത്.
2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഉപധനവിനിയോഗ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗം കെ.സി വേണുഗോപാലാണ് സഭയില്‍ നോട്ട് നിരോധന വിഷയം ഉന്നയിച്ചത്. ഭീകരവാദ പ്രവര്‍ത്തനങ്ങളും കള്ളനോട്ടും തടയാനായിരുന്നു നടപടിയെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണത്തെ പ്രതിപക്ഷ അംഗങ്ങള്‍ തെളിവുകള്‍ നിരത്തി ഖണ്ഡിക്കുകയും ചെയ്തു.
എത്ര രൂപയുടെ അസാധു നോട്ടുകള്‍ റിസര്‍വ്ബാങ്കില്‍ തിരിച്ചെത്തി, ഇതിനു പകരമായി എത്ര രൂപയുടെ പുതിയ കറന്‍സി പ്രിന്റു ചെയ്തു, കേന്ദ്ര സര്‍ക്കാര്‍ നടപടി വഴി എത്ര രൂപയുടെ കള്ളപ്പണം കണ്ടെടുത്തു തുടങ്ങിയ ചോദ്യങ്ങള്‍ കെ.സി വേണുഗോപാല്‍ ഉന്നയിച്ചു. എന്നാല്‍ ഇതിന് ഒന്നിനു പോലും കൃത്യമായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനു കഴിഞ്ഞില്ല. അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയറിന് വെടിവെക്കുന്നതു പോലെയായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെന്നും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഇത് പ്രതികൂലമായി ബാധിച്ചെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
പാര്‍ലമെന്ററി സമിതി മുമ്പാകെ രണ്ടുതവണ വിളിപ്പിച്ചെങ്കിലും എത്ര രൂപയുടെ നോട്ട് തിരിച്ചെത്തിയെന്ന് പറയാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും കഴിഞ്ഞില്ല. ഇപ്പോഴും കറന്‍സികള്‍ തിരിച്ചുവരുന്നതായും ഇവ എണ്ണിത്തീര്‍ന്നിട്ടില്ലെന്നുമാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞത്. എപ്പോഴാണ് ഇത് എണ്ണിത്തീരൂക. തിരിച്ചെത്തിയ പണത്തിന്റെ കണക്ക് ഇപ്പോള്‍ പറയാനാകില്ലെങ്കില്‍ എന്ന് പറയാനാകുമെന്നെങ്കിലും സര്‍ക്കാര്‍ പറയണമെന്നും രാജ്യത്തെ ജനങ്ങളോട് ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ഭീകരവാദത്തിനുള്ള ഫണ്ടിങ് തടയാനായിരുന്നു നടപടിയെന്ന് കേന്ദ്രം വാദിച്ചിരുന്നു. എന്നിട്ട് കശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായോ? അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണം നതടയാന്‍ സര്‍ക്കാറിന് കഴിഞ്ഞോ? വിപണിയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ പണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കള്ളനോട്ടുകള്‍ കൂടി ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടോ? നോട്ടു നിരോധനം വന്ന 2016 നവംബര്‍ മുതല്‍ 2017 ജൂലൈ വരെ 1.57 ലക്ഷം കള്ളനോട്ടുകള്‍ പിടികൂടിയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 5.4 ലക്ഷവും 2015-16ല്‍ 6.32 ലക്ഷവും കള്ളനോട്ടുകള്‍ പിടികൂടിയിട്ടുണ്ട്. അപ്പോള്‍ നോട്ടു നിരോധനത്തിന്റെ നേട്ടമായി ഇതിനെ കണക്കാക്കാനാവില്ല. നോട്ടു നിരോധനത്തിനു ശേഷം ഡിജിറ്റല്‍ പണമിടപാട് 119.07 കോടിയില്‍നിന്ന് 111.45 കോടിയിലേക്ക് താഴ്ന്നു. അതായത് ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായിരുന്നു നടപടിയെന്ന കേന്ദ്ര സര്‍ക്കാര്‍ വാദവും അസത്യമാണെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.