കൊല്‍ക്കത്ത: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ച് ഗോര്‍ഖ ജനമുക്തി മോര്‍ച്ച (ജെജിഎം) അധ്യക്ഷന്‍ ബില്‍ ഗുരുങ്. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതുവിധേനയും ബംഗാള്‍ പിടിക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയായി ഗുരുങ്ങിന്റെ പ്രഖ്യാപനം.

’12 വര്‍ഷമായി ഞങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഞങ്ങളുടെ ആവശ്യങ്ങളും ഉറപ്പുകളും പാലിക്കപ്പെട്ടില്ല. വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമായില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ പിന്തുണയ്ക്കുമെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. എന്‍ഡിഎയെ ഒരുകാലത്തും ഇനി പിന്തുണയ്ക്കില്ല’ – കൊല്‍ക്കത്തയില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക ഗൂര്‍ഖാലാന്‍ഡിനു വേണ്ടി പ്രക്ഷോഭം ചെയ്യുന്ന കക്ഷിയാണ് ജെജിഎം. ഗുരുങ്ങിനെതിരെ യുഎപിഎ അടക്കം 150 ഓളം കേസുകളുണ്ട്. എന്നാല്‍ സാല്‍ട്ട് ലേക്കിലെ ഗൂര്‍ഖ ഭവനില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പൊലീസ് ഹാജരായിരുന്നിട്ടും അദ്ദേഹത്തെ അറസ്റ്റു ചെയ്തില്ല.

2017ലെ ഡാര്‍ജിലിങ് പ്രക്ഷോഭത്തിന് ശേഷം ആദ്യമായാണ് ഗുരുങ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. അറസ്റ്റ് ഒഴിവാക്കാന്‍ ഇതുവരെ ഒളിവില്‍ കഴിയുകയായിരുന്നു അദ്ദേഹം. പൊലീസ് പ്രത്യേക സിഐഡികളും ഇദ്ദേഹത്തിനായി പലയിടങ്ങളില്‍ വല വീശിയിരുന്നു എങ്കിലും അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.

പ്രത്യേക ഗൂര്‍ഖാലാന്‍ഡ് ആവശ്യം ഉന്നയിച്ച് 2017 ജൂലൈ-സെപ്തംബര്‍ കാലയളവില്‍ 104 ദിവസം ബന്ദ് ആചരിച്ചിരുന്നു. ഇതിനിടെയുണ്ടായിരുന്ന സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാര്‍ അടക്കം 13 പേരാണ് കൊല്ലപ്പെട്ടിരുന്നത്.

ഡാര്‍ജിലിങ് അടക്കമുള്ള പ്രദേശങ്ങളില്‍ വന്‍ സ്വാധീനമുള്ള കക്ഷിയാണ് ജെജിഎം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡാര്‍ജിലിങ് ഹില്‍സിലെ മൂന്ന് മണ്ഡലങ്ങളിലാണ് പാര്‍ട്ടി ജയിച്ചിരുന്നത്.