അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയില്‍ ഇന്ന് 405 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവര്‍ 445 പേരാണ്. സമീപ കാലത്തെ ഏറ്റവും കുറഞ്ഞ മരണ നിരക്ക് ആണ് ഇന്ന് രേഖപ്പെടുത്തിയത്. 18 മരണം. രാജ്യത്തെ വിവിധ ആശുപത്രികളിലായി 8423 പേര്‍ ചികിത്സയിലാണ്. ഇവരില്‍ 804 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

കോവിഡ് പ്രതിരോധത്തിനായി ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില രാജ്യങ്ങളില്‍ കോവിഡ് വൈറസിന്റെ രണ്ടാം വരവിന്ന് ഹേതുവായ സാഹചര്യം ആരോഗ്യ മന്ത്രാലയങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതാണെന്നും സഊദിയില്‍ അത്തരമൊരു ഘട്ടം വരാതിരിക്കാന്‍ പൊതുജനങ്ങള്‍ കര്‍ശനമായും നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു. ആര്‍ക്കെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ ടെസ്റ്റ് നടത്താന്‍ മടിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.