കണ്ണൂര്‍: ഫസല്‍ വധക്കേസ് തുടരന്വേഷണ വിവാദവുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പിമാരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍, തലശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം എന്നിവര്‍ക്കെതിരെ ഫേസ്ബുക്കിലും പ്രസംഗത്തിലും ഭീഷണി മുഴക്കിയതിന് കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഡിവൈ.എസ്.പി സദാനന്ദന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ പത്തിനാണ് ഫേസ്ബുക്കില്‍ കെ. സുരേന്ദ്രന്‍ ഭീഷണിസ്വരത്തിലുള്ള പോസ്റ്റ് അപ്‌ലോഡ് ചെയ്തത്. കണ്ണൂരില്‍ പൊതുയോഗത്തില്‍ നടത്തിയ പ്രസംഗത്തിലും രണ്ട് ഉദ്യോഗസ്ഥരുടെ പേര് പരാമര്‍ശിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. സി.പി.എമ്മുകാരായ ഈ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസിലെ പ്രതികളെ രക്ഷിക്കാനാണ് സി.ഡി നാടകം ഉണ്ടാക്കിയതെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. ”എടോ സദാനന്ദാ, പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജിവെച്ചിട്ട് ആ പണിക്ക് പോകണം. ഇമ്മാതിരി വൃത്തികേട് കാണിച്ചാല്‍ അത് മനസിലാവാതിരിക്കാന്‍ ഞങ്ങള്‍ വെറും പോഴന്‍മാരൊന്നുമല്ല. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്‍മാര്‍ തന്നെ. മൈന്‍ഡ് ഇറ്റ്”- എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.