മലപ്പുറം: ശബരിമല ദര്‍ശനം നടത്തിയ യുവതികളിലൊരാളായ കനകദുര്‍ഗക്കെതിരെ പൊലീസ് കേസെടുത്തു. പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്. ഭര്‍തൃമാതാവ് സുമതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കനകദുര്‍ഗ തന്നെ മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സുമതി പൊലീസിന് പരാതി നല്‍കിയത്. തന്നെ മര്‍ദിച്ചെന്ന കനകദുര്‍ഗയുടെ പരാതിയില്‍ സുമതിക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സുമതിയും പരാതി നല്‍കിയത്.

ശബരിമല യാത്രക്കു ശേഷം വീട്ടില്‍ നിന്നും മാറി താമസിച്ച കനകദുര്‍ഗ ഇന്നലെ രാവിലെയാണ് പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയത്. എന്നാല്‍ വീട്ടിലെത്തിയ തന്നെ ഭര്‍തൃ വീട്ടുകാര്‍ മര്‍ദിച്ചെന്ന് കനകദുര്‍ഗ ആരോപിച്ചിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

സിവില്‍ സപ്ലൈസ് ജീവനക്കാരിയായ കനകദുര്‍ഗയും കണ്ണൂര്‍ സര്‍വകലാശാലയുടെ തലശ്ശേരിയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ കരാര്‍ അധ്യാപിക ബിന്ദുവും ചേര്‍ന്ന് ഡിസംബര്‍ 24നാണ് ശബരിമല ദര്‍ശനം നടത്തിയത്.