കൊല്‍ക്കത്ത: ശശി തരൂര്‍ എം.പിയുടെ ‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അടുത്തമാസം 14ന് ഹാജരാകാന്‍ തരൂരിന് കോടതി നിര്‍ദ്ദേശം നല്‍കി. ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചും ഭരണഘടനയെ അവഹേളിക്കുന്നതാണെന്നും കാണിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനാകും എന്നായിരുന്നു ശശി തരൂര്‍ എം.പിയുടെ പ്രസ്താവന. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതാനാണ് ബി.ജെ.പി നീക്കമെന്നും തരൂര്‍ പറഞ്ഞിരുന്നു. അങ്ങിനെ സംഭവിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇടമില്ലാത്ത ഒരു ഹിന്ദു പാക്കിസ്ഥാനായി ഇന്ത്യ മാറുമെന്നും തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ജവഹര്‍ലാല്‍ നെഹ്‌റു പ്രതിഭാ പുരസ്‌കാരം സമ്മാനിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസും അദ്ദേഹത്തിന് താക്കീത് നല്‍കി. എന്നാല്‍ മാപ്പ് പറയാന്‍ താന്‍ തയ്യാറല്ലെന്ന് തരൂര്‍ മറുപടി നല്‍കി. കൂടാതെ പരാമര്‍ശം ആവര്‍ത്തിക്കുകയും ചെയ്തു.