കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂരില്‍ പ്രവര്‍ത്തിക്കുന്ന എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസ സൗകര്യമൊരുക്കാന്‍ ചൂലൂര്‍ സി.എച്ച് സെന്റര്‍ രംഗത്ത്.
രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും സൗജന്യമായി ഭക്ഷണവും മരുന്നും മറ്റ് സാമ്പത്തിക സഹായങ്ങളും നല്‍കുന്നതിനായി സി.എച്ച് സെന്റര്‍ നടപടി തുടങ്ങിയതായി സെന്റര്‍ ചെയര്‍മാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.വി.ആര്‍ സെന്ററിന് സമീപം സി.എച്ച്് സെന്റര്‍ വിലക്കെടുത്ത57.7 സെന്റര്‍ സ്ഥലത്ത് എല്ലാ സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മിക്കും. ഏഴ് കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. 25 സെന്റ് ഭൂമിയും അതില്‍ നിര്‍മിക്കുന്ന കെട്ടിടവും ചേന്ദമംഗലൂരിലെ ഒരു കുടുംബം വാഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ട് ബ്ലോക്കായാണ് കെട്ടിടം നിര്‍മിക്കുക. ഓഫീസ്, ബോര്‍ഡ് റൂം, താമസത്തിന് 25 മുറികള്‍, 40 ഡോര്‍മെട്രി, കുട്ടികള്‍ക്ക് പത്ത് മുറികള്‍, വിശ്രമസ്ഥലം, പ്രാര്‍ത്ഥനാ ഹാള്‍, ലൈബ്രറി, കാന്റീന്‍ എന്നിവ വിഭാവനം ചെയ്തിട്ടുണ്ട്. രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും ചികിത്സയുടെ ഇടവേളകളില്‍ ഇവിടെ താമസവും ഭക്ഷണവും സൗജന്യമായിരിക്കും.
എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ തുടര്‍ചികിത്സയുടെ ഭാഗമായി ആയിരകണക്കിന് രോഗികള്‍ എത്തുന്നുണ്ട്. അവര്‍ക്കെല്ലാം സി.എച്ച് സെന്റര്‍ സഹായമായിരിക്കും. ആറ് മാസത്തിനുള്ളില്‍ കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ആര്‍.സി.സിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും സി.എച്ച് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
രാഷ്ട്രീയപ്രവര്‍ത്തനത്തോടൊപ്പം രോഗികള്‍ക്കും ദരിദ്ര-അവശ വിഭാഗങ്ങള്‍ക്കും വേണ്ടി ആശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നത് മുസ്്‌ലിംലീഗിന്റെ നയപരമായ നിലപാടാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ വിശദീകരിച്ചു. ശിഹാബ് തങ്ങളുടെ പേരില്‍ നിര്‍മിച്ചു നല്‍കുന്ന ബൈത്തുറഹ്്മയും സി.എച്ച് മുഹമ്മദ്‌കോയയുടെ പേരിലുള്ള സി.എച്ച് സെന്ററും ജാതിമത ഭേദമെന്യേ പാവപ്പെട്ടവര്‍ക്ക് ആശ്വാസം പകരുകയാണ്. ചൂലൂര്‍ സി.എച്ച് സെന്ററിന്റെ ശിലാസ്ഥാപനം നാളെ രാവിലെ പത്ത് മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഇ.ടി മുഹമ്മദ്ബഷീര്‍ എം.പി അധ്യക്ഷത വഹിക്കും. ലോഗോ പ്രകാശനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിക്കും. എം.സി മായിന്‍ഹാജി പദ്ധതി വിശദീകരിക്കും. പി.വി അബ്ദുല്‍വഹാബ് എം.പി, മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി.കെ.കെ.ബാവ, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തിരുവനന്തപുരം ആര്‍.സി.സിക്കടുത്തുള്ള സി.എച്ച് സെന്ററിന്റെ മാതൃകയിലായിരിക്കും ഇവിടെയും പ്രവര്‍ത്തിക്കുക.
വാര്‍ത്താസമ്മേളനത്തില്‍ ചൂലൂര്‍ സി.എച്ച് സെന്റര്‍ വൈസ് പ്രസിഡണ്ട് എം.സി മായിന്‍ഹാജി, ജനറല്‍ സെക്രട്ടറി കെ.എ ഖാദര്‍ മാസ്റ്റര്‍, സെക്രട്ടറി എന്‍.പി ഹംസ മാസ്റ്റര്‍, പി.പി അബ്ദുറഹിമാന്‍ എന്നിവരും സംബന്ധിച്ചു.