ന്യൂഡല്‍ഹി: ഇന്ത്യ-ചൈന-ഭൂട്ടാന്‍ എന്നിവയുമായി ചേര്‍ന്നു കിടക്കുന്ന ദോക്‌ലാ മേഖലക്കു സമീപമുള്ള ഗ്രാമം ഇന്ത്യന്‍ സൈന്യം ഒഴിപ്പിച്ചതായി റിപ്പോര്‍ട്ട്. സംഘര്‍ഷഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി. രണ്ട് മാസമായി ദോക്‌ലായില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്.
പ്രകോപനം സൃഷ്ടിക്കുന്ന രീതിയില്‍ ചൈനീസ് മാധ്യമങ്ങളും പ്രതിനിധികളും പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയിലെ ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടത്. സംഘര്‍ഷം നിലനില്‍ക്കുന്ന ദോക്‌ലയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള നതാങ് എന്ന ഗ്രാമത്തിലെ ജനങ്ങളോടാണ് എത്രയും വേഗം വീടുകള്‍ ഒഴിയാന്‍ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്.
നൂറുകണക്കിനാളുകള്‍ ഇതേതുടര്‍ന്ന് മറ്റുകേന്ദ്രങ്ങളിലേക്ക് മാറി. 33 കോര്‍പ്പിലെ സൈനികര്‍ സുഖ്‌നയില്‍ നിന്നും ദോക്‌ലാ മേഖലയിലേക്ക് വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതെങ്കിലും രീതിയിലുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടായാല്‍ ആള്‍നാശം കുറക്കുന്നതിനാണ് ജനങ്ങളെ മേഖലയില്‍ നിന്നും മാറ്റിയത് എന്നാണ് സൂചന. മേഖലയില്‍ വലിയതോതിലുള്ള സൈനിക വിന്ന്യാസം നടക്കുന്നതായി നതാങ് മേഖലയിലെ ജനങ്ങളും വെളിപ്പെടുത്തി.
എന്നാല്‍, ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണത്തിന് സൈന്യം തയാറായിട്ടില്ല. എല്ലാ വര്‍ഷവും സെപ്തംബറില്‍ നടത്താറുള്ള പരിശീലനത്തിന്റെ ഭാഗമാണ് നടപടിയെന്ന് ചില മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് അല്‍പം നേരത്തെ നടത്തുന്നുവെന്നാണ് വിശദീകരണം. ഇന്ത്യന്‍ സൈന്യം ചൈനീസ് അതിര്‍ത്തി അതിക്രമിച്ചു കയറിയെന്ന് ചൈന ആരോപിച്ചിരുന്നു.
53 ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി ലംഘിച്ച് ദോക് ലായില്‍ ഇപ്പോഴും തുടരുന്നുവെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം. ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്നും ഇതില്‍ യാതൊരു ഒത്തുതീര്‍പ്പിനില്ലെന്നും ചൈന വ്യക്തമാക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധത്തിന് സമയം അടുത്തുവെന്നും പത്രം കഴിഞ്ഞദിവസം മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു.