സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യത. അടുത്ത അഞ്ചുദിവസം ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
തെക്കു കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ തെക്കുകിഴക്കന്‍ അറബിക്കടലില്‍ കൂടി വടക്കു കിഴക്കന്‍ ദിശയിലേക്ക് നീങ്ങി മധ്യകിഴക്കന്‍ അറബിക്കടലില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനെല്ലാം പുറമെ, ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും മുകളില്‍ ന്യൂന മര്‍ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.