കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കൂടിക്കാഴ്ച്ച നടത്തി. കൊല്‍ക്കത്തയില്‍ വെച്ച് ഇന്നലെയായിരുന്നു കൂടിക്കാഴ്ച്ച. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്കുശേഷമായിരുന്നു ചന്ദ്രബാബുവിന്റെ കൂടിക്കാഴ്ച്ച.

23ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ നടത്തേണ്ട പ്രതിപക്ഷ ഐക്യത്തെ കുറിച്ച് ചര്‍ച്ചചെയ്യാനായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച്ച. ഫലം പുറത്തുവരുന്ന അന്ന് ഡല്‍ഹിയില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ യോഗം ചേരുന്നതിനെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഞായറാഴ്ച്ച രാഹുല്‍ഗാന്ധിയേയും ശരത്പവാറിനേയും സീതാറാം യെച്ചൂരിയേയും ചന്ദ്രബാബുനായിഡു ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അതിനു മുമ്പ് മായാവതിയേയും അഖിലേഷ് യാദവിനേയും നായിഡു ബന്ധപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന അന്ന് ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളെ യോഗത്തിനായി യു.പി.എ അധ്യക്ഷ സോണിയാഗാന്ധി ക്ഷണിച്ചിട്ടുണ്ട്. ഡി.എംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് സോണിയയുടെ ക്ഷണക്കത്ത് ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ബി.ജെ.പി യെ അധികാരത്തിലെത്തിക്കാതിരിക്കാനുള്ള ശ്രമമാണ് സോണിയയുടെ നീക്കത്തിനു പിന്നില്‍.