കോഴിക്കോട്: അച്ചടി മാധ്യമ രംഗത്തെ പാരമ്പര്യത്തിന്റെ കരുത്തും അതിനൂതന സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുകൊണ്ടുള്ള ‘ചന്ദ്രിക’ നവീകരണ പദ്ധതി മുസ്‌ലിംലീഗ് സംസ്ഥാന കൗണ്‍സിലിന്റെ പ്രത്യേക യോഗത്തില്‍ സംസ്ഥാന പ്രസിഡന്റും മുസ്്‌ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

83 വര്‍ഷം മുമ്പ് സ്ഥാപിച്ച ‘ചന്ദ്രിക’ നിലനിന്നത് ആശയ ഭദ്രതയും ലക്ഷ്യബോധവും കൊണ്ടാണ്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു പോയത് സാധാരണക്കാരായ ബഹുജനങ്ങളുടെ പിന്തുണയോടെയാണ്. എക്കാലവും അവര്‍ ‘ചന്ദ്രിക’യെ നെഞ്ചേറ്റി. മുസ്്‌ലിം മാനേജ്‌മെന്റിന് കീഴില്‍ മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട രാജ്യത്തെ ഒരേയൊരു ദിനപത്രമാണ് ‘ചന്ദ്രിക’. ഉള്ളടക്കത്തിലും കെട്ടിലും മട്ടിലും കാതലായ മാറ്റങ്ങളുമായി കോഴിക്കോട്ടും കണ്ണൂരിലും പുതിയ പ്രസ്സും പ്രിന്റിംഗ് കോംപ്ലക്‌സും മലപ്പുറം പ്രസ്സ് നവീകരണവും ഉള്‍പ്പെടെ ബൃഹത്തായ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ആശയാടിത്തറയില്‍ നിന്ന് വ്യതിചലിക്കാതെ അച്ചടിയിലും ഓണ്‍ലൈനിലും പുതിയ പ്രസരിപ്പോടെ ചന്ദ്രികയെ മുന്നോട്ടു നയിക്കും- അധ്യക്ഷ പ്രസംഗത്തില്‍ തങ്ങള്‍ വ്യക്തമാക്കി.

 

കാലഘട്ടത്തിന്റെ വെല്ലുവിളികളെ തരണം ചെയ്യുന്നതിന് സമൂഹത്തെ പ്രാപ്തമാക്കാനും സമുദായത്തിനു ദിശാബോധം നല്‍കാനും ചന്ദ്രികക്കു കഴിഞ്ഞുവെന്ന് മുസ്്‌ലിം ലീഗ് ദേശീയ ട്രഷററും ചന്ദ്രിയ ഡയറക്ടറുമായ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. ചന്ദ്രികയാണ് തങ്ങളെ വളര്‍ത്തിയതെന്ന് പല പ്രമുഖ സാഹിത്യകാരന്മാരും പലപ്പോഴായി വ്യക്തമാക്കിയതാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാനും പുരോഗതിയുണ്ടാക്കാനും ചന്ദ്രിക എക്കാലവും ശ്രമിച്ചിട്ടുണ്ട്. പിന്നോക്ക അവശ വിഭാഗങ്ങളെ ഉയര്‍ത്തി കൊണ്ടുവരാനും വിദ്യാഭ്യാസമുള്ളവരാക്കാനും ചെയ്ത സേവനങ്ങളും ചരിത്രമാണ്. അത്തരം ശ്രമങ്ങളുടെ തുടര്‍ച്ച കാര്യക്ഷമമായി നിര്‍വ്വഹിക്കാന്‍ നവീകരണം കൂടുതല്‍ കരുത്ത് നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 

മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, മുസ്്‌ലിം ലീഗ് ദേശീയ ട്രഷറര്‍ എം.പി അബ്ദുസമദ് സമദാനി, ചന്ദ്രിക ഡയറക്ടര്‍മാരായ പി.വി അബ്ദുല്‍വഹാബ് എം.പി, പി.കെ.കെ ബാവ, ഡോ.എം.കെ മുനീര്‍, ടി.എ അഹമ്മദ് കബീര്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, പി.എം.എ സമീര്‍, മുസ്്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, കെ കുട്ടി അഹമ്മദ് കുട്ടി, പി.എച്ച് അബ്ദുസലാം ഹാജി,

സി മോയിന്‍കുട്ടി, പി.എം.എ സലാം, ടി.പി.എം സാഹിര്‍, കെ.എസ് ഹംസ, അബ്ദുറഹ്മാന്‍ കല്ലായി, അഡ്വ.യു.എ ലത്തീഫ്, ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി, കെ.എം.സി.സി നേതാക്കളായ കെ.പി മുഹമ്മദ്കുട്ടി, എസ്.എ.എം ബഷീര്‍, സി.കെ.വി യൂസുഫ്, അഷ്‌റഫ് വേങ്ങാട്ട്, ഇബ്രാഹീം മുറിച്ചാണ്ടി സംസാരിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജി നന്ദി പറഞ്ഞു.

 

കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ ചേര്‍ന്ന പ്രത്യേക കണ്‍വന്‍ഷനില്‍ മുസ്്‌ലിം ലീഗ് ജില്ലാ ഭാരവാഹികള്‍, സംസ്ഥാന കൗണ്‍സിലര്‍മാര്‍, പോഷക സംഘടനാ ഭാരവാഹികള്‍, എം.എല്‍. എമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചന്ദ്രിക നവീകരണ പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനവും നടന്നു.