നിലയ്ക്കലിലെ സുരക്ഷാ ചുമതലയുള്ള യതീഷ് ചന്ദ്രയെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം. പകരം ചുമതല തൃശൂര്‍ റൂറല്‍ എസ്പി എം.കെ പുഷ്‌കരന് നല്‍കും. തിങ്കളാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങും. നിലവില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്രയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ നിയമനം. യതീഷ് ചന്ദ്ര തൃശൂര്‍ കമ്മീഷണര്‍ പദവിയിലേക്ക് മടങ്ങും.

ചൊവ്വാഴ്ച നിയമസഭാസമ്മേളനം ആരംഭിക്കുന്ന സാചര്യത്തില്‍ യതീഷ് ചന്ദ്രയ്ക്ക് വീണ്ടും അവസരം നല്‍കിയാല്‍ പ്രതിപക്ഷം വലിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അതിനെ മറികടക്കുന്നതിന് വേണ്ടി കൂടിയാണ് പുതിയ തീരുമാനം.

നേരത്തെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല എന്നിവരെ അറസ്റ്റ് ചെയ്തത് യതീഷ് ചന്ദ്രയായിരുന്നു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാക്തര്‍ക്കം ഉണ്ടായത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.