തിരുവനന്തപുരം: സര്‍ക്കാര്‍ തന്നെ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നതോടെ സ്പ്രിന്‍ക്ലറിന് കരാര്‍ നല്‍കിയതില്‍ വീഴ്ചയുണ്ടായെന്ന തന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് രോഗികളുടെ വിവര വിശകലനത്തിന് സ്പ്രിന്‍ക്ലറിന് കരാര്‍ നല്‍കിയതില്‍ വീഴ്ചയുണ്ടായെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്വേഷണറിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ ആരോപണം.

കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണെന്നും കേസില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് വ്യക്തനമാക്കി. 200കോടിയുടെ വ്യക്തിവിവരങ്ങള്‍ കമ്പനിക്ക് കിട്ടിയിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

കരാറിന് മുമ്പ് നിയമ സെക്രട്ടറിയുടെ ഉപദേശം തേടാത്തത് നടപടിക്രമങ്ങളിലെ വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കരാറിന് മുന്‍കൈയെടുത്തതും ഒപ്പുവച്ചതും എം.ശിവശങ്കറാണ്. കരാര്‍ വഴി 1.8 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിന്‍ക്ലറിന് ലഭ്യമായെന്നും സമിതി കണ്ടെത്തി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എട്ടിന നിര്‍ദേശങ്ങളും വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.