നടന്‍മാരും ഇടതുപക്ഷ ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെ ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് രംഗത്ത്. ഫേസ്ബുക്കിലാണ് അദ്ദേഹം ഇവര്‍ക്കെതിരെ തിരിഞ്ഞത്.

ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു. ഇന്നലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതരായിരുന്നു മൂവരും. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അമ്മയുടെ വാര്‍ഷിക യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസുമായുള്ള ചോദ്യങ്ങള്‍ക്കിടെയാണ് ഗണേഷും മുകേഷും മാധ്യമങ്ങളോട് തട്ടിക്കയറിയത്. അനാവശ്യചോദ്യങ്ങള്‍ ചോദിക്കരുതെന്നായിരുന്നു മുകേഷ് പറഞ്ഞതെങ്കില്‍ ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് ഗണേഷും പറഞ്ഞു.