ആലപ്പുഴ: കോടികളുടെ സ്വത്തിന് ഉടമയായ ബിന്ദു പത്മനാഭന്റെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആളുടെ സുഹൃത്തുകൂടിയായ പള്ളിപ്പുറം പഞ്ചായത്ത് 14-ാം വാര്‍ഡ് തൈക്കൂട്ടത്തില്‍ എസ് മനോജ് (46)ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇന്നലെ രാവിലെ ഹാജരാകുവാന്‍ മനോജിനോട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യപ്രതി സെബാസ്റ്റ്യനും ബിന്ദുവും പതിവായി യാത്ര ചെയ്തിരുന്നത് മനോജിന്റെ ഓട്ടോയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സെബാസ്റ്റ്യന്റെ ഉറ്റസുഹൃത്തായ മനോജിനെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ഇയാള്‍ വലിയ ബാഗില്‍ നിറയെ നോട്ടുകളുമായി പോകുന്നത് കണ്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വീണ്ടും വിളിപ്പിച്ചത്. ഭാര്യ ജ്യോതിയെ ജോലി സ്ഥലത്തേക്കും എസ്എസ്എല്‍സി വിദ്യാര്‍ഥിയായ മകള്‍ മീനാക്ഷിയെ സ്‌കൂളിലും അയച്ച ശേഷം രാവിലെയാണ് വീടിനുള്ളില്‍ തൂങ്ങിയത്.

വീട് അകത്തു നിന്നു പൂട്ടിയിട്ടിരിക്കുന്നതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ ജനല്‍ തുറന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് ചേര്‍ത്തല ഗവ.താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അസ്വഭാവികമരണത്തിന് ചേര്‍ത്തല പോലീസ് കേസെടുത്തു.
ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘം ഉള്‍പ്പെടെ മൂന്ന് ടീമുകളാണ് ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്. നിലവില്‍ ഇടപ്പള്ളിയിലെ വസ്തു വില്‍പന നടത്തിയത് വ്യാജമുക്ത്യാര്‍ തയ്യാറാക്കിയാണെന്ന് കണ്ടെത്തിയെങ്കിലും ബിന്ദുവിന്റെ മറ്റ് വസ്തുക്കള്‍ കൈമാറ്റം നടത്തിയതിനെകുറിച്ച് അറിയുന്നതിന് ചേര്‍ത്തലയിലെയും സമീപപ്രദേശങ്ങളിലെയും ആറ് സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ പൊലീസ് നോട്ടീസ് നല്‍കി. ആള്‍മാറാട്ടം നടത്തിയ കുറുപ്പംകുളങ്ങര സ്വദേശിനി മിനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നലെ ജില്ലാ കോടതി വിധി പറഞ്ഞില്ല.