ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നതിനെതിരെ മുന്‍ ധനമന്ത്രി പി ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ സി.ബി.ഐ കസ്റ്റഡിക്ക് ശേഷം ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യും.

അതേസമയം സി.ബി.ഐയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ചിദംബരത്തിന്റെ ഹര്‍ജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഈ കേസില്‍ ചിദംബരത്തെ തിഹാര്‍ ജയിലേക്ക് അയക്കുന്നത് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. ചിദംബരത്തിനെതിരെ സി.ബി.ഐ നല്‍കിയ തെളിവുകള്‍ പരിശോധിച്ചാകും ഇക്കാര്യത്തിലെ സുപ്രീംകോടതി തീരുമാനം. ഇതിന് പുറമെ ഏയര്‍സെല്‍ മാക്‌സിസ് കേസില്‍ ചിദംബരവും കാര്‍ത്തി ചിദംബരവും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പ്രത്യേക കോടതിയുടെ വിധിയും ഇന്നാണ്.

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന അപേക്ഷ ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയതിനെത്തുടര്‍ന്നാണ് അദ്ദേഹം പിന്നീട് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഹര്‍ജി നല്‍കിയ അന്ന് രാത്രി തന്നെ സി.ബി.ഐ അദ്ദേഹത്തിന്റെ വീട്ടില്‍ മതില്‍ ചാടിക്കടന്ന് കയറി സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും ചിദംബരത്തെ അറസ്റ്റ് ചെയ്തു.