താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റ കേസില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. രണ്ടര വയസുകാരനെ 70,000 രൂപയ്ക്കാണ് പ്രതികള്‍ വിറ്റത്.

സെപ്റ്റംബര്‍ 15 നാണ് താനെയിലെ അംബര്‍നാഥില്‍ നിന്ന് കുഞ്ഞിനെ കാണാതാകുന്നത്. വീട്ട് മുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി. മാതാപിതാക്കള്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
പൊലീസ് കാണാതായ കുഞ്ഞിന്റെ ചിത്രങ്ങള്‍ അംബര്‍നാഥ് ടൗണിലെ ഓട്ടോറിക്ഷകളില്‍ ഒട്ടിച്ചു. താമസിയാതെ ഒരു റിക്ഷാ ഡ്രൈവറില്‍ നിന്ന് പൊലീസിന് കുഞ്ഞിനെ കുറിച്ചുള്ള സൂചന ലഭിച്ചു. ജില്ലയിലെ ഉല്‍ഹാസ്‌നഗറിലെ ഭാരത് നഗര്‍ പ്രദേശത്താണ് കുട്ടിയെ കണ്ടെത്തിയത്.

കുഞ്ഞിനെ വാങ്ങിയ ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ച പൊലീസ് വെള്ളിയാഴ്ചയോടെ പ്രതികളെ പിടികൂടുകയായിരുന്നു.