ബെയ്ജിങ്: ലഡാക്കിലെ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ ചൈനീസ് പിഎല്‍എ സൈനികര്‍ ‘ലേസര്‍ ആയുധങ്ങള്‍’ പ്രയോഗിച്ചെന്ന് ചൈനീസ് വിദഗ്ധന്റെ വെളിപ്പെടുത്തല്‍. നവംബര്‍ 11 ന് സംപ്രേഷണം ചെയ്ത ടെലിവിഷന്‍ പ്രോഗ്രാമിലാണ് സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഓഫ് ഡെപ്യൂട്ടി ഡീന്‍ ജിന്‍ കാന്റോങ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ലഡാക്കിലെ സംഘര്‍ഷങ്ങള്‍ക്കിടെ ചൈനീസ് സൈനികര്‍ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ മാരകമായ ലേസര്‍ ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

വിഡിയോ പുറത്തുവന്നതോടെ ട്വിറ്ററിലും വെയ്‌ബോയിലും നിരവധി പേര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സൈനികര്‍ ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ പിടിച്ചെടുത്തപ്പോള്‍ പ്രതിരോധിക്കാനായി ചൈനീസ് സൈന്യം ‘ഉയര്‍ന്ന ഊര്‍ജ്ജമുള്ള, നൂതന മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചു’ എന്നാണ് കാന്റോങ് അവകാശപ്പെടുന്നത്.

ചൈനീസ് സൈന്യം പര്‍വതത്തിന്റെ അടിത്തട്ടില്‍ നിന്ന് ഇന്ത്യന്‍ സൈനികര്‍ സ്ഥാനം പിടിച്ചിരുന്ന പ്രദേശങ്ങളിലേക്ക് മൈക്രോവേവ് പുറപ്പെടുവിച്ച് വന്‍ ആക്രമണം നടത്തി. ഇത് ഇന്ത്യന്‍ സൈനികര്‍ പിടിച്ചടക്കിയ സ്ഥാനങ്ങളില്‍ നിന്ന് വേഗത്തില്‍ പിന്മാറാന്‍ കാരണമായി എന്നും അദ്ദേഹം പ്രോഗ്രാമില്‍ അവകാശപ്പെടുന്നു.

നിലവില്‍, ചൈനയുടെ വലിയ യുദ്ധക്കപ്പലുകളില്‍ മൈക്രോവേവ് ആയുധങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ടൈപ്പ് 055ല്‍ പവര്‍ മൈക്രോവേവ് (എച്ച്പിഎം) ആന്റി മിസൈല്‍ സംവിധാനമുണ്ട്. ഇത് മൈക്രോവേവ് ആയുധങ്ങളെ ക്ലോസ്ഇന്‍ തോക്കുകളും വ്യോമ പ്രതിരോധ മിസൈലുകളും സംയോജിപ്പിച്ച് ഒരു സംയോജിത ആന്റി മിസൈല്‍ രൂപപ്പെടുത്തുന്നതാണ്.

ഇന്ത്യന്‍ സൈന്യത്തെ പിന്തിരിപ്പിക്കാന്‍ വേണ്ടി പിഎല്‍എ സേന മൈക്രോവേവ് ആയുധങ്ങള്‍ പ്രയോഗിച്ചതായി ഒന്നിലധികം ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.