വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ചൈനീസ് വിരോധം അവസാന സമയത്തും കാണിച്ച് പുതിയ നീക്കം. ഒൻപത് കമ്പനികളിൽ കൂടി നിക്ഷേപം നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയാണ് ചൈനക്ക് മേൽ വീണ്ടും ട്രംപ് ഭരണകൂടം പ്രഹരമേൽപിച്ചത്. പ്രസിഡന്റ് പദവിയിൽ നിന്ന് സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് ചൈനക്കെതിരായ നിലപാടുമായി ട്രംപ് ഭരണകൂടം രംഗത്തു വന്നതെന്നത് ശ്രദ്ധേയമാണ്. ഇതോടൊപ്പം ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ നീക്കങ്ങളുടെ പേരിൽ ഉദ്യോഗസ്ഥർക്കുമേലും ഉപരോധമേർപ്പെടുത്തി. നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ അധികാരമേൽക്കാൻ ദിവസങ്ങൾ ശേഷിക്കേയാണ് യുഎസിന്റെ നീക്കം.

കൊമാക്, ഷവോമി തുടങ്ങിയ പ്രധാന കമ്പനികൾ ഉൾപ്പടെ ഒമ്പതു കമ്പനികളെയാണ് പെന്റഗണിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് നടപടി. ഈ കമ്പനികളിൽ നിക്ഷേപം നടത്തുന്നത് യുഎസ് നിരോധിക്കുകയും ചെയ്യും. പുതിയ യുഎസ് നിക്ഷേപ നിരോധനത്തിന് വിധേയമാക്കും, ഇത് 2021 നവംബർ 11 നകം കരിമ്പട്ടികയിൽ പെടുത്തിയ കമ്പനികളിൽ നിക്ഷേപം നടത്തുന്നത് നിരോധിക്കും.

കൊമാക്, ഷവോമി എന്നീ കമ്പനികൾക്ക് പുറമേ അഡ്വാൻസ്ഡ് ഫാബ്രിക്കേഷൻ എക്യുപ്‌മെന്റ് ഇൻകോർപറേഷൻസ് ലുവോകുങ് ടെക്‌നോളജി കോർപ്, ബീജിങ് ഷോങ്കുവാൻകുങ് ഡെവലപ്പ്‌മെന്റ് ഇൻവെസ്റ്റ്‌മെന്റ് സെന്റർ, ഗോവിൻ സെമികണ്ടക്ടർ കോർപ്, ഗ്രാൻഡ് ചൈന എയർ കോ ലിമിറ്റഡ്, ഗ്ലോബൽ ടോൺ കമ്യൂണിക്കേഷൻ ടെക്‌നോളജി കോ.ലിമിറ്റഡ്, ചൈന നാഷണൽ ഏവിയേഷൻ ഹോൾഡിങ് ടോ ലിമിറ്റഡ് എന്നിവരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസ് നടപടിയോട് ചൈനീസ് കമ്പനികളുടെ പ്രതിനിധികൾ പ്രതികരിച്ചിട്ടില്ല.