ബൈജിങ്: പാക് വിഷയത്തില്‍ ചൈനയുടെ ഇന്ത്യാ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക രാജ്യത്ത് ഏര്‍പ്പെടുത്തിയ അപ്രാഖ്യാപിത ബഹിഷ്‌കരണം പാളിയതായി റിപ്പോര്‍ട്ട്. പാക് വിഷയത്തിലും ഐക്യരാഷ്ട്രസഭയിലും ചൈന ഇന്ത്യക്കെതിരെ നിന്നതിനാല്‍ അവരുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നായിരുന്നു ഇന്ത്യന്‍ ജനതയുടെ ആഹ്വാനം. എന്നാല്‍ അപ്രഖ്യാപിത വിലക്കിനിടയിലും ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പന ഇന്ത്യയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചതായാണ് വാര്‍ത്ത. ദീപാവലി നവരാത്രി തുടങ്ങിയ ഉത്സവസീസണില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ഉപയോഗം പരമാവധി ഒഴുവാക്കണമെന്ന് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരണം നടന്നിരുന്നു. എന്നാല്‍ ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പന ഇന്ത്യയില്‍ തകൃതിയായി നടക്കുകയാണെന്നാണ് ചൈനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ നിരോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യമാണ് ഐക്യരാഷ്ടസഭയില്‍ ചൈന തളളിയത്. ഇതിനെതിരെ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ചൈനീസ് വിരുദ്ധ വികാരം ഉണര്‍ന്നിരുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം വരെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നു. കശ്മീര്‍ വിഷയത്തിലും ചൈന പാകിസ്താന് അനുകൂലമായി നില്‍ക്കുന്നു എന്നുകൂടി ആയപ്പോള്‍ ബഹിഷ്‌കരണ ആഹ്വാനം ജനങ്ങള്‍ക്കിടയില്‍ ശക്തിയാര്‍ജിച്ചിരുന്നു.

എന്നാല്‍ ഈ ഉത്സവസീസണില്‍ ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പന തകൃതിയായി നടക്കുന്നതായാണ് ചൈനയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബഹിഷ്‌കരണ പശ്ചാത്തലത്തിലും ചൈനീസ് ഉത്പ്പന്നങ്ങളുടെ ആവശ്യകത വിപണിയില്‍ അത്യാവശ്യമാണെന്ന് ചൈനീസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ പ്രധാന ഇലക്ട്രോണിക് സ്ഥാപനങ്ങളില്‍ നടന്ന ഉത്സവമേളയും വില്‍പ്പനയും ഇതിന്റെ തെളിവായി പറയുന്നു. ചൈനീസ് ഉത്പന്നങ്ങളുടെ റെക്കോഡ് വില്‍പ്പനയാണ് ഒക്ടോബര്‍ ആദ്യ ആഴ്ച ഇ വിപണയിലുണ്ടായത്. അഞ്ചുലക്ഷം ഷവോമി ഫോണുകള്‍ മാത്രം ഇക്കാലയളവില്‍ വിറ്റ് പോയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വരാനിരിക്കുന്ന ദീപാവലി ദിനങ്ങളിലും ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പന തകൃതിയായി നടക്കുമെന്നും ചൈന പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.

നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി വ്യാപാരം 7000 കോടി ഡോളറാണ്. എന്നാല്‍ ചൈനയുമായുളള ഇന്ത്യയുടെ വ്യാപാരകമ്മി 4600 കോടി ഡോളറാണ്. ഇതിനിടെ ചൈനയുടെ ഇന്ത്യയിലെ നിക്ഷേപം ആറു മടങ്ങ് വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കണമെന്ന വികാരം ഉയര്‍ന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന് അനുകൂലമായ നിലപാട് പ്രത്യക്ഷത്തില്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് നരേന്ത്രമോദി ചില പൊതു പരിപാടികളില്‍ വ്യക്്തമാക്കിയിരുന്നു.