കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇതിഹാസ തുല്യനായ ഒളിംപ്യന്‍ റഹ്മാന്റെ നാമധേയത്തിലുളള ഫുട്‌ബോള്‍ പുരസ്‌ക്കാരം ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ കേരളാ നക്ഷത്രം സി.കെ വിനീതിന്റെ ഷോക്കേസില്‍. വി.കെ കൃഷ്ണ മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം പുരസ്‌ക്കാരം ഏറ്റുവാങ്ങി. ഫുട്ബാള്‍ മാത്രമാണ് തന്റെ ലഹരിയെന്നും കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെടുത്തുന്ന പുതുതലമുറ ഫുട്ബാള്‍ പോലുള്ള കായിക വിനോദങ്ങളിലാണ് ലഹരി കണ്ടെത്തേണ്ടതെന്നും വിനീത് പറഞ്ഞു. വൈകുന്നേരങ്ങളില്‍ ഫുട്ബാള്‍ കളിച്ച് ജയവും തോല്‍വിയുമൊക്കെ അനുഭവിച്ച് കളിയുടെ ലഹരി പിടിച്ചാല്‍ പിന്നെ മറ്റ് ലഹരി തേടി പോവേണ്ടതില്ലെന്ന് വിനീത് അഭിപ്രായപ്പെട്ടു. ഐ എസ് എല്‍ പോലുള്ള മത്സരങ്ങള്‍ ഒന്നുമില്ലാത്ത കാലത്ത് എല്ലാവരാലും അറിയപ്പെട്ട ഒളിംപ്യന്‍ റഹ്മാനെപോലുള്ള താരങ്ങളുടെ ഔന്നത്യത്തിലേക്ക് എത്തുക അസാധ്യമാണെന്നാണ് വിലയിരുത്തുന്നത്. ഫുട്ബാളിനെ അറിയുന്ന നാള്‍ തൊട്ട് മുഴങ്ങിക്കേള്‍ക്കുന്ന പേരുകളിലൊന്നാണ് ഒളിംപ്യന്‍ റഹ്മാന്‍. അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനിക്കുന്നു.
ഐ.എസ്.എല്ലിലൂടെ ശ്രദ്ധിക്കപ്പെട്ടതില്‍ വലിയ സന്തോഷമുണ്ട്. എന്നാല്‍ കിരീടം ലഭിച്ചില്ലില്ലല്ലോ എന്ന വിഷമം ഇപ്പോഴും ഉള്ളിലുണ്ട്. അടുത്ത തവണ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കുകയാണെങ്കില്‍ ആരാധകര്‍ക്ക് വേണ്ടി കിരീടം നേടുക തന്നെ ചെയ്യുമെന്ന് വിനീത് ഉറപ്പുനല്‍കി.
കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സി കെ വിനീതിന് പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിനും കേരളാ ഫുട്‌ബോളിനും പുതിയ ഉന്മേഷമാണ് വിനീതെന്ന് മേയര്‍ പറഞ്ഞു. റഹ്മാന്‍ മൈതാനത്തെ ശക്തനായിരുന്നു. മുഖത്ത് നോക്കി അദ്ദേഹം കാര്യങ്ങള്‍ പറയും. ആ ധൈര്യം പുതിയ തലമുറയിലെ താരങ്ങള്‍ക്കില്ല. ലഹരിമരുന്നുള്‍ക്കെതിരെ താരങ്ങള്‍ ശക്തമായി രംഗത്ത് വരണമെന്നും മേയര്‍ പറഞ്ഞു.
കെ അബൂബക്കര്‍ റഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുന്‍ ദേശീയ ഫുട്ബാള്‍ താരവും പരിശീലകനുമായ നിയാസ് റഹ്മാന്‍ സ്വാഗതം പറഞ്ഞു. ഒളിംപ്യന്‍ റഹ്മാന്റെ മകന്‍ ഹാരിസ് റഹ്മാന്‍, ഭാസി മലാപ്പറമ്പ്, എ മൂസഹാജി എന്നിവര്‍ സംസാരിച്ചു. നേരത്തെ സ്‌റ്റേഡിയത്തിലെത്തിയ വിനീതിന് യുവ കായിക താരങ്ങള്‍ ചേര്‍ന്ന് ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്.