കൊച്ചി: ഐ.എസ്.എല്ലില്‍ ആദ്യജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒരു ഗോളിന് മുന്നില്‍. കൊച്ചിയില്‍ ഇതിനു മുന്‍പ് നടന്ന മല്‍സരത്തില്‍ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തുപോയ മലയാളി താരം സി.കെ. വിനീതാണ് ഒരു മനോഹര ഗോളുമായി ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. 24 ാം മിനിറ്റില്‍ റിനോ ആന്റോയുടെ ക്രോസില്‍ വായുവിലുയര്‍ന്ന് ഹെഡ്ഡ് ചെയ്യുകയായിരുന്നു വിനീത്.

ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍നിന്ന് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍ ഉയര്‍ത്തിനല്‍കിയ പന്തിലാണ് ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. പന്തു കിട്ടിയ റിനോ ആന്റോ വലതുവിങ്ങിലൂടെ ഓടിക്കയറിയ ശേഷം പന്ത് നോര്‍ത്ത് ഈസ്റ്റ് ബോക്‌സിലേക്ക് മറിക്കുന്നു. ഒപ്പമെത്തിയ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധതാരത്തെ കബളിപ്പിച്ച് പന്തില്‍ പറന്നു തലവയ്ക്കുന്ന വിനീത്. ടി.പി. രഹനേഷിനെ മറികടന്ന് പന്ത് വലയില്‍.