ബംബോലിം: ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ രണ്ടാം മത്സരത്തിന് ഇറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദില്ല. പകരക്കാരുടെ ബഞ്ചിലും മലയാളി താരമില്ല. ആദ്യ കളിയില്‍ നിരാശാജനകമായ കളിയാണ് സഹല്‍ പുറത്തെടുത്തിരുന്നത്. നിഷുകുമാറും രോഹിത് കുമാറും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

ബ്ലാസ്‌റ്റേഴ്‌സ് ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് തോറ്റിരുന്നത്. മുംബൈ സിറ്റിയെ മറികടന്നാണ് കരുത്തരായ നോര്‍ത്ത് ഈസ്റ്റിന്റെ വരവ്.

ആദ്യമത്സരത്തില്‍ എതിര്‍ ബോക്‌സില്‍ കളി മറന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. അതേസമയം കോസ്റ്റ നാമോയിനെസു, ബെക്കാരി കോനെ, ജെസ്സല്‍ കാര്‍നെയ്‌റോ എന്നിവരടങ്ങിയ പ്രതിരോധനിര മികച്ച പ്രകടനം തന്നെ പുറത്തെടുത്തിരുന്നു. വിസെന്റെ ഗോമസ്, സെര്‍ജിയോ സിഡോഞ്ച എന്നിവരും ഭേദപ്പെട്ട പ്രകടനം തന്നെ പുറത്തെടുത്തിരുന്നു.

മറുവശത്ത് അശുതോഷ് മേത്തയും ബെഞ്ചമിന്‍ ലാമ്പോട്ടും ഡൈലാന്‍ ഫോക്‌സും ഗുര്‍ജിന്തര്‍ കുമാറുമടങ്ങുന്ന നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.