മുംബൈ: കളിക്കളത്തില്‍ നിന്ന് വിടവാങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്നും രാജ്യത്തെ ഏറ്റവും വലിയ സ്‌പോട്‌സ് ഐക്കണാണ്. ഇപ്പോഴും കോടിക്കണക്കിന് ആരാധകരുള്ള സച്ചിന്‍ ആരെയും നിരാശപ്പെടുത്താറില്ല. കഴിഞ്ഞ ദിവസം തനിക്കായി കാത്തു നിന്ന ആരാധകന് ഒപ്പം സെല്‍ഫിക്ക് പോസ് ചെയ്താണ് താരം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

മുംബൈയില്‍ കാറോടിച്ചു പോകുന്ന സച്ചിനെ കൈ കാണിച്ചു നിര്‍ത്തിയാണ് ആരാധകന്‍ അടുത്തു ചെന്നത്. കാര്‍ ഒതുക്കി നിര്‍ത്തിയ ശേഷം സച്ചിന്‍ അദ്ദേഹത്തെ അടുത്തേക്കു വിളിച്ചു. കാറിന്റെ വിന്‍ഡോ തുറന്ന് ഒരു സെല്‍ഫിക്ക് പോസ് ചെയ്തു. കൈ കൊടുത്താണ് ആരാധകനെ സച്ചിന്‍ മടക്കിയത്. അതിനിടെ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ താരം ഒരു ഓട്ടോറിക്ഷ ഡ്രൈവറുമായി സംസാരിക്കുകയും കൈ കൊടുക്കുകയും ചെയ്തു.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ആണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഒരേയൊരു സച്ചിനേ ഉള്ളൂ എന്ന തലവാചകത്തോടെയാണ് സര്‍ദേശായി ചിത്രം പങ്കുവച്ചത്.