മുംബൈ: മലയാളി ആരാധകര്‍ക്ക് ഓണാശംസ മലയാളത്തില്‍ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് സച്ചിന്‍ മലയാളത്തില്‍ ട്വീറ്റ് ചെയ്തത്. ‘ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഈ ചിങ്ങപ്പുലരിയില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍’ ഇതായിരുന്നു സച്ചിന്റെ ട്വീറ്റ്.

മലയാളികള്‍ ഈ ആശംസ ഏറ്റെടുത്തെങ്കിലും ഈ ട്വീറ്റ് കണ്ട് മലയാളികളല്ലാത്തവര്‍ ഞെട്ടി. കാരണം മറ്റൊന്നുമല്ല, ഈ ട്വീറ്റ് ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ കിട്ടിയ അര്‍ഥം രസകരമായിരുന്നു. അന്യഭാഷ ട്വീറ്റുകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യാന്‍ ട്വിറ്റര്‍ തന്നെ നല്‍കുന്ന ”ട്രാന്‍സ്ലേറ്റ് ട്വീറ്റ്’ എന്ന ഓപ്ഷന്‍ ഉപയോഗിക്കുമ്പോള്‍ വരുന്ന തര്‍ജമയാണ് എല്ലാവരേയും അമ്പരപ്പിച്ചത്. Who cares – Happy Onam to all. (‘ഇതെല്ലാം ആരു ഗൗനിക്കുന്നു, എല്ലാവര്‍ക്കും ഓണാശംസകള്‍’) എന്നായിരുന്നു തര്‍ജമ.

ഇതോടെ നിരവധി പേരാണ് സച്ചിന്റെ ഈ ട്വീറ്റ് പങ്കുവെച്ചത്. ട്വിറ്റര്‍ ഈ തര്‍ജമ ശരിയാക്കണമെന്നും ആരാധകര്‍ അഭ്യര്‍ഥിക്കുന്നുണ്ട്. ട്വിറ്ററിനെ പരിഹസിച്ച് ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.