അബുദാബി: യുഎഇ- ഇസ്രയേല്‍ സമാധാനക്കരാറിന്റെ പിന്നില്‍ യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള യു.എസിന്റെ കച്ചവടക്കണ്ണ്. മാസങ്ങള്‍ക്കകം യുഎഇയുമായി യുദ്ധവിമാനങ്ങള്‍ കൈമാറാനുള്ള കരാറില്‍ ഒപ്പുവയ്ക്കാനാണ് യുഎസ് ഭരണകൂടം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം യുഎസ്-ഇസ്രയേല്‍ സംഘം യുഎഇയില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നിലും ഈ ലക്ഷ്യമുണ്ട്.

യുദ്ധവിമാനങ്ങള്‍ ചര്‍ച്ചയ്ക്കു വന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രതിരോധ കരാര്‍ അവസാന നിമിഷം അജണ്ടയില്‍ നിന്ന് മാറ്റുകയായിരുന്നു എന്നാണ് വിവരം. എന്നാല്‍ യുഎസ് സംഘത്തിന് നേതൃത്വം നല്‍കിയത് പ്രസിഡണ്ട് ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസ് സീനിയര്‍ ഉപദേഷ്ടാവുമായ ജെറാദ് കുഷ്‌നറാണ്. യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് യുഎസ് വിദേശകാര്യ മന്ത്രാലയം നേരത്തെ യുഎഇ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

സമാധാനക്കരാറിന്റെ മറവില്‍ യുദ്ധവിമാനങ്ങള്‍ യുഎഇക്ക് വില്‍ക്കാനുള്ള യുഎസ് തീരുമാനത്തില്‍ ഇസ്രയേലിന് അതൃപ്തിയുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യേഷ്യയിലെ സൈനിക സന്നാഹങ്ങള്‍ ‘കൂടുതല്‍ ആധുനികമാവുന്നതിനെ’ ഇസ്രയേല്‍ ഭയക്കുന്നതായി മാധ്യമങ്ങള്‍ പറയുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ട് ഇടപെട്ടതായും റിപ്പോര്‍ട്ടുണ്ട്.

പ്രതിരോധ കരാര്‍ ചര്‍ച്ച ചെയ്യാനായി സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോക്ക് ഒപ്പം വിദേശകാര്യ വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് നേരത്തെ യുഎഇയിലെത്തിയിരുന്നു. ഗള്‍ഫ് യുദ്ധത്തിനുശേഷം, സൈനിക വിമാനങ്ങള്‍, ഹാര്‍ഡ്വെയര്‍, എഫ്-16 വിമാനങ്ങള്‍ തുടങ്ങിയവ യു.എ.ഇ.ക്ക് അമേരിക്ക വിറ്റിട്ടുണ്ട്. ഇത് ഒരു പുതിയ ബന്ധമല്ല, പതിറ്റാണ്ടുകളായി തങ്ങള്‍ പുലര്‍ത്തിപ്പോരുന്ന സംസ്‌കാരമുള്ള ബന്ധമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, ഇസ്രയേല്‍-യു.എസ് സംഘം വിവിധ മേഖലകളിലെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം യുഎഇയില്‍ നിന്നു മടങ്ങി. നയതന്ത്ര മേഖലയില്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ നടത്തുന്ന ആദ്യത്തെ വിപുല കൂടിക്കാഴ്ചയായിരുന്നു ഇത്.

‘യുഎസ്-ഇസ്രയേല്‍ സംഘത്തിന്റെ യുഎഇയിലെ ചരിത്ര സന്ദര്‍ശനം അവസാനിച്ചു. സഹകരണത്തിന്റെ പുതിയ കാലഘട്ടത്തിന് സന്ദര്‍ശനം നാന്ദി കുറിക്കും. ജനങ്ങള്‍ക്കിടയില്‍ സൗഹൃദം പുഷ്ടിപ്പെടുത്തുന്നതിനും സാംസ്‌കാരിക-സാമ്പത്തിക ബന്ധം ദൃഢപ്പെടുത്തുന്നതിനും ചെയ്ത പ്രവര്‍ത്തനങ്ങളില്‍ ട്രംപ് ഭരണകൂടത്തിന് നന്ദി’- വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് ഡയറക്ടര്‍ ഹിന്ദ് അല്‍ ഉതൈബ ട്വീറ്റ് ചെയ്തു.

നേരത്തെ, ഇസ്രയേല്‍ ചരക്കുകള്‍ക്കുള്ള നിരോധനം യുഎഇ എടുത്തു കളഞ്ഞിരുന്നു. 48 വര്‍ഷത്തെ നിരോധമാണ് കഴിഞ്ഞയാഴ്ച നീക്കിയിരുന്നത്. ഇരുരാഷ്ട്രങ്ങളിലെയും കമ്പനികള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന് പുതിയ നീക്കം വഴി തുറക്കുക. യുഎയില്‍ വ്യാപാരം തുടങ്ങാന്‍ ഇസ്രയേല്‍ കമ്പനിക്ക് അനുമതി നല്‍കുകയും ചെയ്യും.