കൊളംബൊ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തുടര്‍ച്ചയായ രണ്ടാം ദിനത്തിലും തടസ്സപ്പെട്ടു. രജപക്‌സെ അനുകൂലികളായ എം.പിമാര്‍ പ്രതിപക്ഷ എം.പിമാര്‍ക്കു നേരെ മുളകു പൊടിയും പൊലീസിന് നേരെ കസേരകളും എടുത്തെറിഞ്ഞതോടെ പാര്‍ലമെന്റ് നടപടികള്‍ പൂര്‍ണമായും തടസ്സപ്പെട്ടു.
സ്പീക്കര്‍ കരു ജയസൂര്യക്കു നേരെ രജപക്‌സെ അനുകൂലികളായ രണ്ട് എം.പിമാര്‍ വടികളും കസേരകളും എറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാതിരിക്കാനാണ് എം.പിമാര്‍ സഭക്കകത്ത് കലാപം അഴിച്ചു വിട്ടത്. മൂന്നാഴ്ച മുമ്പ് പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ പുറത്താക്കി മുന്‍ പ്രധാനമന്ത്രി രജപക്‌സെയെ അവരോധിച്ചതോടെയാണ് ലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിച്ചത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റിലേക്ക് കത്തിയുമായി എത്തിയ വിക്രമസിംഗെയുടെ യു.എന്‍.പി എം. പിമാരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ സ്പീക്കറുടെ കസേരക്കു ചുറ്റും മുദ്രാവാക്യം വിളികളുമായി നിരന്നതോടെ ബഹളത്തോടെയായിരുന്നു ഇന്നലെ നടപടികള്‍ ആരംഭിച്ചത്. പിന്നാലെയാണ് സ്പീക്കര്‍ക്കു നേരെ ഏറ് ആരംഭിച്ചത്.
സ്പീക്കര്‍ക്ക് സംരക്ഷണം ഒരുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ കസേരയും പുസ്തകങ്ങളും എടുത്തെറിഞ്ഞു. മറ്റു ചിലര്‍ സ്പീക്കറുടെ കസേര ഇളക്കി മറിച്ചിട്ടു. ഉദ്യോഗസ്ഥരുടെ സംരക്ഷണയിലായ സ്പീക്കര്‍ അവിശ്വാസ പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പിന് നിര്‍ദേശിച്ചു. അവിശ്വാസം പാസായതായി വിളിച്ചു പറഞ്ഞ സ്പീക്കര്‍ പാര്‍ലമെന്റ് 19വരെ പിരിയുന്നതായും അറിയിച്ചു.