തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജന്‍സികള്‍ പരിധി ലംഘിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളെ താറടിച്ചു കാണിക്കാനും അവയെ അട്ടിമറിക്കാനുമാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെ കേന്ദ്ര ഏജന്‍സികള്‍ വഴി താറടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഈ ഇടപെടലുകളെ സ്വാഭാവികം എന്ന നിലയില്‍ കാണാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്ത് സംസ്ഥാനത്തിന്റെ പദ്ധതികളെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യം രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് ആകാം. പക്ഷേ അത് അന്വേഷണ ഏജന്‍സികള്‍ക്ക് ആകാമോ എന്നതാണ് നമ്മുക്ക് മുന്നിലുള്ള മര്‍മ്മ പ്രധാനമായ ചോദ്യം. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയും രാഷ്ട്രീയ നേതൃത്വത്തെ കരിവാരി തേയ്ക്കുകയും ചെയ്യുന്ന കൃത്യമല്ല അന്വേഷണ ഏജന്‍സികള്‍ ചെയ്യേണ്ടത്. സത്യവാചകം ചൊല്ലി ഒരാള്‍ നല്‍കുന്ന മൊഴി എങ്ങനെയാണ് ഇത്രയധികം മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്?’ മുഖ്യമന്ത്രി ചോദിച്ചു.

നിഷ്പക്ഷമോ സ്വാഭാവികമോ ആയ അന്വേഷണമാണ് നടക്കുന്നതെന്ന് കരുതാനാവില്ല. സ്വര്‍ണക്കടത്ത് സംഭവത്തിലാണ് അന്വേഷണം ആരംഭിച്ചതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. നിരുത്തരവാദ സമീപനമാണ് ഏജന്‍സികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഏജന്‍സികളെ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ഭരണഘടനയുടെ അന്തഃസത്ത ലംഘിക്കപ്പെടുകയാണ്. സമഗ്രവും ഏകോപിതവുമായ അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.