പാറശ്ശാല: വീടുപണിക്കായി വായ്പയെടുത്ത പണം മദ്യപിക്കാന്‍ നല്‍കാത്തതില്‍ പ്രകോപിതനായയാള്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പാറശ്ശാലയ്ക്കുസമീപം വടൂര്‍ക്കോണം ചൂരക്കുഴി മേക്കേക്കര വീട്ടില്‍ ഷാജിയാണ് ഭാര്യ മീന (33)യെ മദ്യലഹരിയില്‍ വെട്ടിയശേഷം പാറശ്ശാല പോലീസ് സ്റ്റേഷനില്‍ ഹാജരായത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടുകൂടിയാണ് സംഭവം.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് നിര്‍മിക്കുന്നതിനായി പഞ്ചായത്തില്‍നിന്ന് ലഭിച്ച തുക ഷാജി മദ്യപിച്ചും ചീട്ടുകളിച്ചും നശിപ്പിച്ചിരുന്നു. ഇതുപോലെ ശൗചാലയം നിര്‍മിക്കുന്നതിനായി ലഭിച്ച പണം ഷാജി നശിപ്പിച്ചതിനെത്തുടര്‍ന്ന് വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നില്ല. ഇതിലേക്കായി സ്വകാര്യ ബാങ്കില്‍നിന്ന് മീന രണ്ടുദിവസം മുന്‍പ് 50000 രൂപ വായ്പയായി എടുത്തിരുന്നു. ഈ പണം മദ്യപിക്കാനായി ഷാജി ആവശ്യപ്പെട്ടെങ്കിലും മീന നല്‍കിയില്ല. ഇതില്‍ പ്രകോപിതനായ ഷാജി മദ്യപിച്ചെത്തി മീനയെ മര്‍ദിക്കുകയായിരുന്നു. രാത്രി പത്തോടുകൂടി മീനയെ കൊലപ്പെടുത്തിയശേഷം ഷാജി പാറശ്ശാല പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പോലീസ് മീനയെ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചു. തലയ്ക്കുപിന്നില്‍ വെട്ടേറ്റ് രക്തംവാര്‍ന്നതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മീനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു മാറ്റിയെങ്കിലും മരിച്ചു.