തിരുവനന്തപുരം: ജില്ലാ സഹകരണബാങ്ക് ജീവനക്കാരുടെ സംയുക്തസംഘടനകളുടെ നേതൃത്വത്തില്‍ നാളെ സഹകരണമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നു. രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഓള്‍ കേരള ജില്ലാ സഹകരണബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ ശൂരനാട് രാജശേഖരന്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ പി.അബ്ദുള്‍ ഹമീദ്, കെ.എസ് ശബരീനാഥന്‍ എന്നിവര്‍ സംസാരിക്കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി സി.കെ അബ്ദുറഹിമാന്‍ അറിയിച്ചു.

സഹകരണമേഖലയുടെയും ജീവനക്കാരുടെയും വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിരവധി പ്രക്ഷോഭസമരങ്ങള്‍ നടത്തിയിട്ടും സര്‍ക്കാര്‍ അവഗണനയും നിഷേധാത്മക സമീപനവും തുടരുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. സഹകരണമേഖലയിലെ ജനാധിപത്യവ്യവസ്ഥകള്‍ അട്ടിമറിച്ച് ഏകപക്ഷീയമായി കേരള ബാങ്ക് രൂപീകരിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയുക, കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ സംഘടനകളുമായി ചര്‍ച്ച നടത്തുക, കാലാവധി കഴിഞ്ഞ് 15 മാസമായിട്ടും ജില്ലാ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കാതിരുന്ന നിലപാട് അവസാനിക്കുക, സ്വീപ്പര്‍മാരുടെ പ്യൂണ്‍ തസ്തികയിലേക്കുള്ള സംവരണം നിലവിലുള്ള അഞ്ച് ശതമാനത്തില്‍ നിന്നും ഉയര്‍ത്തുക, ഗ്രാറ്റുവിറ്റി സംബന്ധിച്ച കോടതിവിധി നടപ്പിലാക്കുക, നിയമനനിരോധനം പിന്‍വലിക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഓള്‍ കേരള ജില്ലാ സഹകരണബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെയും എംപ്ലോയീസ് യൂണിയന്റെയും സംയുക്ത നേതൃത്വത്തിലാണ് മാര്‍ച്ച്. സംയുക്ത സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 27 ന് ജീവനക്കാര്‍ പണിമുടക്കും ജൂണ്‍ 19 ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ഏകദിനഉപവാസവും നടത്തിയിരുന്നു.