കൊച്ചി: വിവാദ നടപടിയുമായി വീണ്ടും കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ. കളമശേരി പൊലീസ് സ്റ്റേഷനില്‍ കോഫി മെഷിന്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത സംഭവമാണ് വിവാദമായത്.

ഇക്കഴിഞ്ഞ 17 ാം തിയതിയായിരുന്നു ജനങ്ങള്‍ക്ക് വേണ്ടി കളമശേരി പൊലീസ് സ്‌റ്റേഷനില്‍ കോഫീ മെഷീന്‍ സ്ഥാപിച്ചത്. എന്നാല്‍ ഇക്കാര്യം സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെയോ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെയോ അറിയിച്ചിരുന്നില്ല. മാധ്യമങ്ങളെയും ജനപ്രതിനിധികളെയും ഇക്കാര്യം വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പി.എസ്. രഘു ജോലിയില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി സസ്‌പെന്‍ഡ് ചെയ്തത്.

എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ പക പോക്കലാണ് നടപടിക്കു പിന്നിലെന്നാണ് പൊലീസുകാര്‍ക്കിടയില്‍ ഉയരുന്ന സംസ്ഥാനം.
സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് സ്‌റ്റേഷന്‍ കൂടുതല്‍ ജനസൗഹൃദമാക്കാന്‍ സ്‌റ്റേഷനില്‍ എത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതി നടപ്പാക്കിയതിന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നതിനിടെയാണ് പദ്ധതിക്ക് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനെ തേടി സസ്‌പെന്‍ഷന്‍ എത്തുന്നത്.