വീഷാന്‍: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മുസ്ലിം വംശവിദ്വേഷ നടപടിക്കെതിരെ പ്രതിഷേധിച്ച നിരവധി പേര്‍ക്ക് പരിക്ക്. പലരും അറസ്റ്റിലായി. യുന്നാനിലെ വീഷാന്‍ കൗണ്ടിയിലാണ് നൂറുകണക്കിന് പൊലീസുകാര്‍ മൂന്ന് പള്ളികള്‍ അടച്ചുപൂട്ടാനെത്തിയത്. അനധികൃത മത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നാരോപിച്ചായിരുന്നു പള്ളികള്‍ക്കെതിരായ നീക്കം. പ്രദേശത്തെ ഹുയ് മുസ്ലിംകള്‍ ഈ നീക്കത്തെ ചെറുത്തെങ്കിലും പൊലീസ് ബലംപ്രയോഗിച്ച് പള്ളികള്‍ കൈയേറി.

ഹുയ്ഹുയ്ഡങിലെ ജുമാ മസ്ജിദ് കൈയേറാനാണ് പൊലീസും അധികൃതരും ആദ്യമെത്തിയത്. ഈ വിവരം അറിഞ്ഞെത്തിയ പ്രദേശവാസികള്‍ പള്ളിക്കു ചുറ്റും കൈകള്‍ കോര്‍ത്തുനിന്ന് പ്രതിഷേധിച്ചു. എന്നാല്‍, സര്‍വസന്നാഹങ്ങളുമായെത്തിയ പൊലീസ് പ്രതിഷേധക്കാരെ മര്‍ദിച്ചവശരാക്കി പള്ളി സീല്‍ ചെയ്യുകയായിരുന്നു. പരിക്കേറ്റ നിരവധി പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വീഷാനിലെ മറ്റു രണ്ട് പള്ളികള്‍ കൂടി ഇതേ രീതിയില്‍ കൈയേറി. നിരായുധരായ സിവിലിയന്മാര്‍ കലാപവസ്ത്രം അണിഞ്ഞെത്തിയ പൊലീസുകാര്‍ നേരിടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രാദേശിക ഭരണകൂടം നിഷ്‌കര്‍ഷിക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പള്ളികള്‍ നിര്‍മിച്ചതെന്നും എന്നാല്‍, കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മുസ്ലിം വിരുദ്ധ നയങ്ങളുടെ ഭാഗമായാണ് പള്ളികള്‍ കയ്യേറുന്നതെന്നും ഹുയ് മുസ്ലിം പ്രതിനിധി പറഞ്ഞു. ഈ പള്ളികള്‍ പൊളിച്ചു കളയാനാണ് സാധ്യത.

ചൈനയുടെ പടിഞ്ഞാറന്‍ മേഖലയായ ഷിന്‍ജിയാങ്ങിലും പശ്ചിമ പ്രവിശ്യകളായ ഗന്‍സു, നിങ്‌സിയ എന്നിവിടങ്ങളിലും നിരവധി പള്ളികളും മദ്രസകളും ഭരണകൂടം പൊളിച്ചുനീക്കിയിട്ടുണ്ട്.

ചൈനയില്‍ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര രംഗത്ത് പ്രതിഷേധം ശക്തമാണ്. അമേരിക്കയടക്കം ഇടപെട്ടിട്ടും മുസ്ലിം വേട്ട അവസാനിപ്പിക്കാന്‍ ഭരണകൂടം തയ്യാറായില്ല.