എന്‍.ഡി.എയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെപ്പറ്റി ട്വീറ്റ് ചെയ്തതിന് മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബിനെതിരെ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പൊലീസില്‍ പരാതി നല്‍കി. രാഷ്ട്രപതി സ്ഥാനത്തേക്കുള്ള ഏറ്റവും മോശം തെരഞ്ഞെടുപ്പായിരിക്കും രാം നാഥ് കോവിന്ദിന്റേതെന്ന റാണയുടെ പ്രസ്താവനയാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.

പോലീസില്‍ പരാതി നല്‍കിയ വാര്‍ത്ത നുപുര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടതിനു പിന്നാലെ, പരിഹാസവുമായി റാണ അയ്യൂബ് രംഗത്തെത്തി. നുപുറിന്റേത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള നാടകമാണെന്നും വേണമെങ്കില്‍ ബി.ജെ.പി നേതാക്കളെപ്പറ്റി ഗുരുതരമായ നിരവധി കാര്യങ്ങള്‍ പറഞ്ഞ തന്റെ ‘ഗുജറാത്ത് ഫയല്‍സ്’ എന്ന പുസ്തകം അയച്ചുതരാമെന്നും റാണ പ്രതികരിച്ചു.

നിലവിലെ ബിഹാര്‍ ഗവര്‍ണറും എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മോശം തെരഞ്ഞെടുപ്പാണെന്ന പരാമര്‍ശം പട്ടികജാതിക്കാര്‍ക്കെതിരായ പരാമര്‍ശമാണെന്നാണ് നുപുര്‍ ശര്‍മ ട്വിറ്ററില്‍ കുറിച്ചത്. ഡല്‍ഹി ഐ.ടി.ഒ പോലീസ് ആസ്ഥാനത്താണ് പരാതി നല്‍കിയത്. എന്നാല്‍ ‘ജോലിയൊന്നുമില്ലാതെ ഇരിക്കുന്ന’ ബി.ജെ.പി വക്താവിന്റെ കേസിനെ അവഗണിക്കുന്നതായി റാണ വ്യക്തമാക്കി. ‘എന്നെ പേടിപ്പിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ കുറച്ചുകൂടി മികച്ച വല്ലതും കൊണ്ട് വരണം എന്ന് ആരെങ്കിലും ബി.ജെ.പി വക്താക്കളോട് പറയൂ…’ എന്നും റാണ ട്വീറ്റ് ചെയ്തു. തന്റെ പരാമര്‍ശം പട്ടിക ജാതിക്കാര്‍ക്കെതിരാവുമെങ്കില്‍ മന്‍മോഹന്‍ സിങ് കോട്ടിട്ട് കുളിക്കുന്നയാളാണെന്ന മോദിയുടെ പ്രസ്താവന സിഖ് ജനതയെ അവഹേളിക്കുന്നതായി കാണേണ്ടി വരുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

2002 ഗുജറാത്ത് കലാപത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്ന ഗുജറാത്ത് ഫയല്‍സ് എന്ന കൃതിയിലൂടെയാണ് റാണ അയ്യൂബ് ശ്രദ്ധ നേടിയത്. നിരവധി പ്രസാധകര്‍ നിരസിച്ചതിനെ തുടര്‍ന്ന് സ്വന്തം നിലയ്ക്കാണ് റാണ ആ പുസ്തകം പ്രസിദ്ധീകരിച്ചത്. മണിക്കൂറുകള്‍ക്കകം പുസ്തകം ബെസ്റ്റ് സെല്ലറായി മാറുകയും ചെയ്തു.