പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതരായി മത്സരിക്കുന്ന 13 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. ഭവദാസന്‍ ഉള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്. പുറത്താക്കപ്പെട്ടവരില്‍ അധിക പേരും നിലവിലെ ജനപ്രതിനിധികളാണ്. ആറു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.

പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ. ഭവദാസ് പതിനൊന്നാം വാര്‍ഡിലാണ് വിമതനായി മത്സരിക്കുന്നത്. മുന്‍ കെ.പി.സി.സി അംഗം ടി.പി ഷാജിയുടെ നേതൃത്വത്തില്‍ പട്ടാമ്പി നഗരസഭയില്‍ ആറു വാര്‍ഡുകളില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്നുണ്ട്.

നാല് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ക്ക് സീറ്റ് നിഷേധിച്ചതോടെയാണ് ഇവര്‍ വിമത നീക്കം നടത്തിയത്. വിമതരായി മത്സരിക്കാന്‍ ശ്രമിച്ച ചിറ്റൂര്‍ മേഖലയിലെ ചില നേതാക്കള്‍ക്ക് പിന്നീട് സീറ്റ് നല്‍കി. കെ.പി.സി.സി നിര്‍ദേശ പ്രകാരമാണ് സംഘടനാ തലത്തില്‍ നടപടി സ്വീകരിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു.