ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു തള്ളുകയാണെങ്കില്‍ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു നോട്ടീസ് അംഗീകരിക്കുന്നില്ലെങ്കില്‍ ജുഡീഷ്യല്‍ റിവ്യൂവിനായി ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

ഇംപീച്ച്‌മെന്റ് നടപടികള്‍ക്കായി പാര്‍ട്ടികള്‍ ശ്രമം തുടങ്ങിയതോടെ ജുഡീഷ്യല്‍ ഡ്യൂട്ടിയില്‍ നിന്നും ധാര്‍മികതയുടെ പേരില്‍ ചീഫ് ജസ്റ്റിസ് മാറി നില്‍ക്കണമെന്ന സമ്മര്‍ദ്ദ തന്ത്രവും കോണ്‍ഗ്രസ് പ്രയോഗിക്കുന്നുണ്ട്. ഇംപീച്ച്‌മെന്റ് നോട്ടീസിന്‍മേല്‍ രാജ്യസഭാ ചെയര്‍മാന്റെ തീരുമാനം ഉടന്‍ ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ആരോപണങ്ങളില്‍ നിന്നും മുക്തമാകുന്നത് വരെ ചീഫ് ജസ്റ്റിസ് കോടതി നടപടികളില്‍ നിന്നും സ്വയം വിട്ടു നില്‍ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ചീഫ് ജസ്റ്റിസിനെ പ്രതിരോധിക്കാന്‍ ഭരണ കക്ഷിയായ ബി.ജെ.പി രംഗത്തെത്തിയതിനെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ജുഡീഷ്യല്‍ സംവിധാനത്തിന്റെ സ്വതന്ത്ര ചുമതലക്കാരനാവേണ്ട ചീഫ് ജസ്റ്റിസിന്റെ പദവിയുമായി ബി.ജെ.പി ഒത്തു പോവുകയാണെന്നും നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തിനെതിരായ പ്രവര്‍ത്തനമാണ് ഇതുവഴി ബി.ജെ.പി ചെയ്യുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തന്റെ ഓഫീസിനെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് തന്നെ ബി.ജെ.പിയോട് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ചീഫ് ജസ്റ്റിസ് ഒരു പാര്‍ട്ടിയിലും പെട്ട ആളല്ല. പിന്നെ എന്തു കൊണ്ട് അദ്ദേഹത്തെ മാത്രം പ്രതിരോധിക്കാന്‍ ബി.ജെ.പി മന്ത്രിമാരും നേതാക്കളും രംഗത്തു വരുന്നെന്നും സുര്‍ജേവാല ചോദിച്ചു. ചീഫ് ജസ്റ്റിസ് എപ്പോഴും സംശയത്തിന് അതീതനാവണം.

ചീഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തനം സംശയകരമാണെങ്കില്‍ അദ്ദേഹം സ്വയം വിട്ടു നില്‍ക്കുകയാണ് വേണ്ടത.് ‘സീസറുടെ ഭാര്യ സംശയത്തിന് അതീതയാവണം’. അതിനാല്‍ തന്നെ ഇക്കാര്യം ചീഫ് ജസ്റ്റിസിന്റെ തന്നെ പരിഗണനക്കു വിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം മുഴുവനും ചീഫ് ജസ്റ്റിസിന്റെ ഉത്തരത്തിനായി കാത്തിരിക്കുകയാണ്. അദ്ദേഹം സ്വമേധയാ തനിക്കെതിരായ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ വിവേക് തന്‍ക പറഞ്ഞു.

ജഡ്ജിമാരുടെ വിശ്വാസ്യത വലിയ ആദരവോടെയാണ് രാജ്യത്തെ പൗരന്‍മാര്‍ നോക്കിക്കാണുന്നത്. എന്തെങ്കിലും നേരിയ സംശയം ഉണ്ടെങ്കില്‍ പോലും അത് നിവാരണം ചെയ്യേണ്ടത് പാര്‍ലമെന്റിന്റെ കടമയാണെന്നും രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ കെ.ടി.എസ് തുളസി പറഞ്ഞു. കടുത്ത ദുഖത്തോടു കൂടിയാണ് എം.പിമാരായ തങ്ങള്‍ ഈ ജോലി ചെയ്യുന്നത്. പക്ഷേ ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിനും രാജ്യത്തിനും വേണ്ടിയാണെന്നും അല്ലാത്ത പക്ഷം അത് സുപ്രീം കോടതിയുടെ നാശത്തിന് വഴിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ ആഴ്ചയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്.