റായ്പൂര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് എംഎല്‍എ ആര്‍.കെ റായിയെ സസ്‌പെന്‍ഡ് ചെയ്തു.

പൊലീസ് ഓഫീസറായിരുന്ന എംഎല്‍.എ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അരോപണങ്ങള്‍ നേരിട്ടിരുന്നു. ഛത്തീസ്ഗഡ് ജനത കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ അജിത് ജോഗിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവും നിലവിലുണ്ട്. വിമത പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ആര്‍.കെ. റായിക്കെതിരെ പാര്‍ട്ടി സംസ്ഥാന നേതൃത്വം ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.
എന്നാല്‍ നടപടിയെ ആര്‍.കെ റായ് സ്വാഗതം ചെയ്തു. മുന്‍പ് രാഹുല്‍ ഗാന്ധിക്കെതിരെ സംസാരിച്ചതിനാണെന്ന് തനിക്കെതിരെ നടപടിയെടുത്തതെന്ന് റായ് ആരോപിച്ചു. ഒരു കഴുതയെ കുതിരയെന്ന് വിളിക്കാന്‍ സാധിക്കില്ല എന്ന പരാമര്‍ശമാണ് എന്നെ പുറത്താക്കാന്‍ കാരണം. എന്നാല്‍ പാര്‍ട്ടിക്ക് എന്റെ നിരീക്ഷണം തെറ്റാണെന്ന് തോന്നുകയാണെങ്കില്‍ അവര്‍ അന്ധരാണെന്നും അല്ലെങ്കില്‍ അന്ധനെപോലെ അവര്‍ അഭിനയിക്കുകയാണെന്നും റായ് വ്യക്തമാക്കി.
പാര്‍ട്ടിയുടെ നീക്കത്തില്‍ വിഷമം ഇല്ല. ഇപ്പോള്‍ ഞാന്‍ പൂര്‍ണ സ്വതന്ത്രനാണെന്നും റായ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ റായ്ക്ക് കഴിഞ്ഞയാഴ്ച ഛത്തീസ്ഗഡ് കോണ്‍ഗ്രസ് കമ്മിറ്റി ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നതായ് എ.ഐ.സി.സി ഛത്തീസ്ഗഡ് ജന.സെക്രട്ടറി ബി.കെ ഹരിപ്രസാദ് അറിയിച്ചു.