ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാളാവണം പുതിയ അധ്യക്ഷന്‍ എന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. പ്രസിഡണ്ട് പദവിയിലേക്കുള്ള പുതിയ ആളെ നിര്‍ദേശിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രവര്‍ത്തകസമിതിയിലെ മുതിര്‍ന്ന നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കൂടുതല്‍ ആളുകള്‍ നിര്‍ദേശിക്കുന്ന വ്യക്തിയെ പ്രസിഡണ്ടായി തെരഞ്ഞെടുക്കാനാണ് സാധ്യത. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ഗെഹ്‌ലോട്ട് തുടങ്ങിയവരുടെ പേരുകളാണ് മുതിര്‍ന്ന നേതാക്കളുടെ നിരയില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്. അതേസമയം യുവനേതാക്കള്‍ അധ്യക്ഷപദം ഏറ്റെടുക്കണം എന്ന നിലപാടുള്ളവരും ഉണ്ട്. അങ്ങനെയാണെങ്കില്‍ സച്ചിന്‍ പൈലറ്റോ, ജ്യോതിരാദിത്യ സിന്ധ്യയോ ആയിരിക്കും അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.