കാണ്‍പുര്‍: പരാതി നല്‍കാനെത്തിയ പതിനാറുകാരിയെ അപമാനിച്ച പൊലീസുകാരനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ലൈംഗിക ചൂഷണത്തിനിരയായ ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടിക്കാണ് കാണ്‍പൂരിലെ പൊലീസ് സ്‌റ്റേഷനില്‍ വീണ്ടും അപമാനം നേരിടേണ്ടിവന്നത്. പെണ്‍കുട്ടിയെ അപമാനിച്ച് പൊലീസുകാരന്‍ സംസാരിക്കുന്ന വീഡിയോ വൈറലായതോടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുക്കാന്‍ വിസമ്മതിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ താര്‍ ബാബു മോശമായരീതിയില്‍ സംസാരിക്കുകയായിരുന്നു. എന്തിനാണ് ഇത്രയധികം ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നതെന്നും എന്താണ് ഇതിന്റെ ഉപയോഗമെന്നും പൊലീസുകാരന്‍ പെണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട്. ഇതെല്ലാം നീ ശരിക്കും എന്താണെന്നാണ് കാണിക്കുന്നതെന്നും ഇയാള്‍ പറയുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇടപെട്ടെങ്കിലും അവരെയും പൊലീസുകാരന്‍ കുറ്റപ്പെടുത്തി. പെണ്‍കുട്ടിയുടെ സഹോദരനാണ് ഈ സംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും പ്രിയങ്കാഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നില്ലെന്നും ഇതാണ് നിയമം സംരക്ഷിക്കേണ്ടവരുടെ പെരുമാറ്റമെന്നും പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.