റാഞ്ചി: ജാര്‍ഖണ്ഡില്‍ യുവാവിനെയും യുവതിയെയും നഗ്നരാക്കി മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിയെന്ന് പരാതി. ദുംക ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ഗ്രാമീണര്‍ നോക്കി നില്‍ക്കെയാണ് ഇരുവരെയും നഗ്‌നരാക്കി ഗ്രാമം മുഴുവനും നടത്തിയത്. കണ്ടു നിന്നവരാരും തടയാന്‍ പോലും മുതിര്‍ന്നില്ലെന്നും പറയുന്നു

‘മര്‍ദ്ദനമേറ്റ അവസ്ഥയിലാണ് ഇരുവരെയും കണ്ടെത്തുന്നത്. അവരെ പിന്നീട് സരയ്യാഹ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അന്വേഷണത്തില്‍ ഒരു വീഡിയോ കണ്ടെടുക്കാനായിട്ടുണ്ട്,’ ദുംക എസ്.പി വൈ.എസ് രമേശ് പറഞ്ഞു.

വീഡിയോയിലുള്ള എല്ലാവര്‍ക്കുമെതിരേ നടപടിയെടുക്കാനാരംഭിച്ചിട്ടുണ്ട്. അതിനായി ഗ്രാമത്തില്‍ പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ടെന്നും എസ്.പി രമേശ് പറഞ്ഞു. അക്രമത്തിനെതിരേ ഗ്രാമവാസികള്‍ പ്രതികരിക്കേണ്ടതായിരുന്നുവെന്നും പോലീസ് പറഞ്ഞു. ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല.