കുത്തിവെപ്പിന് തയ്യാറായ പുതിയ വാക്‌സിനുകള്‍ രൂപമാറ്റം വന്ന ദക്ഷിണാഫ്രിക്കന്‍ കൊറോണ വൈറസിനു ഫലപ്രദമാകില്ലെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ദക്ഷിണാഫ്രിക്കന്‍ വേരിയന്റിനെതിരെ പുതിയ വാക്‌സിനുകള്‍ ഫലപ്രദമാകില്ലെന്ന് ഓക്‌സ്ഫഡ് ജാബ് വികസിപ്പിച്ചെടുക്കാന്‍ സഹായിച്ച ശാസ്ത്രജ്ഞനായ പ്രൊഫസര്‍ സര്‍ ജോണ്‍ ബെല്‍ മുന്നറിയിപ്പ് നല്‍കി.

ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും വൈറസിന്റെ പുതിയതും കൂടുതല്‍ പകരാവുന്നതുമായ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് രോഗികളുടെ വര്‍ധനവിന് കാരണമായി. ദക്ഷിണാഫ്രിക്കയില്‍ തിരിച്ചറിഞ്ഞ വേരിയന്റിനെക്കുറിച്ച് ഇപ്പോള്‍ വളരെയധികം ആശങ്കയുണ്ടെന്ന് ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.

റീഡിങ് യൂണിവേഴ്‌സിറ്റിയിലെ സെല്ലുലാര്‍ മൈക്രോബയോളജിയിലെ അസോസിയേറ്റ് പ്രൊഫസറായ സൈമണ്‍ ക്ലാര്‍ക്ക് പറഞ്ഞത്, രണ്ട് വകഭേദങ്ങള്‍ക്കും പൊതുവായ ചില പുതിയ സവിശേഷതകള്‍ ഉണ്ടെങ്കിലും ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയവയ്ക്ക് നിരവധി അധിക മ്യൂട്ടേഷനുകള്‍ ഉണ്ടെന്നാണ്.

മനുഷ്യ കോശങ്ങളെ ബാധിക്കാന്‍ വൈറസ് ഉപയോഗിക്കുന്ന സ്‌പൈക്ക് പ്രോട്ടീന്‍ എന്നറിയപ്പെടുന്ന വൈറസിന്റെ ഒരു പ്രധാന ഭാഗത്തിന് കൂടുതല്‍ വിപുലമായ മാറ്റങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ വേരിയന്റില്‍ കൂടുതല്‍ സ്‌പൈക്ക് മ്യൂട്ടേഷനുകള്‍ അടിഞ്ഞുകൂടുന്നത് കൂടുതല്‍ ആശങ്കാജനകമാണ്, ഇത് രോഗപ്രതിരോധ സംരക്ഷണത്തിനു വെല്ലുവിളിയാകുമെന്നുമാണ് വൈറോളജിസ്റ്റും വാര്‍വിക് സര്‍വകലാശാലയിലെ മോളിക്യുലര്‍ ഓങ്കോളജി പ്രൊഫസറുമായ ലോറന്‍സ് യംഗ് പറഞ്ഞത്. പുതിയ വേരിയന്റുകള്‍ക്കെതിരായ വാക്‌സിനുകള്‍ പരീക്ഷിക്കുകയാണെന്നും ആറ് ആഴ്ചയ്ക്കുള്ളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്നും അവര്‍ പറയുന്നു.