തിരുവനന്തപുരം: വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ കോവിഡ് ‘മുന്നണി പോരാളികള്‍’ എന്ന പദവിയല്ലാതെ തങ്ങള്‍ക്ക് യാതൊരു സുരക്ഷയും ലഭിക്കുന്നില്ലെന്ന പരാതിയുമായി പോലീസ് സേന. സംസ്ഥാനത്ത് ആയിരത്തിലേറെ പോലീസുകാരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ദിനംപ്രതി ഒട്ടേറെ പോലീസുകാര്‍ രോഗബാധിതരാകുന്നുണ്ടെങ്കിലും അവരുടെ കണക്കുകളൊന്നും അധികൃതര്‍ ശേഖരിക്കുകയോ പുറത്തുവിടുകയോ ചെയ്യുന്നില്ല. രണ്ടാം തരംഗത്തിലും ജനത്തെ നിയന്ത്രിക്കാനുള്ള മുഴുവന്‍ ചുമതലയും പോലീസിന് നല്‍കണമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആരോഗ്യ, തദ്ദേശവകുപ്പുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഇന്നുമുതല്‍ പോലീസിന് അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവരുടെ സുരക്ഷക്കായി യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നതാണ് പ്രധാന പരാതി.
നിലവില്‍ 16 പോലീസുകാര്‍ക്കുവരെ കോവിഡ് പിടിപെട്ട സ്റ്റേഷനുകളുണ്ട്. ഇവര്‍ക്ക് ക്വാറന്റീന്‍ ഉള്‍പെടെയുള്ള കാര്യങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പോലീസുകാര്‍ക്കിടയില്‍ നടപ്പാക്കാന്‍ കഴിയുന്നില്ല. രോഗം പിടിപെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കണക്കുകള്‍ മുഖ്യമന്ത്രി ദിവസവും പറയാറുണ്ട്. എന്നാല്‍, പോലീസുകാരുടെ കാര്യം പരാമര്‍ശിക്കാതെ അവഗണിക്കുകയാണെന്ന ആക്ഷേപമുണ്ട്. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ഡ്യൂട്ടിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. രണ്ടാംതരംഗം ഇത്ര ശക്തമായിട്ടും പോലീസുകാര്‍ക്ക് ഡ്യൂട്ടി ക്രമീകരിച്ചുനല്‍കിയിട്ടില്ല. മൂന്ന് ഷിഫ്റ്റായെങ്കിലും ഡ്യൂട്ടി ക്രമീകരിക്കണമെന്നാണ് പോലീസുകാരുടെ ആവശ്യം. ഒന്നാം തരംഗത്തില്‍ പോലീസുകാരുടെ സുരക്ഷക്കു കൂടി മുന്‍ഗണന നല്‍കി ഡി.ജി.പിയുടെ ഉത്തരവുവുണ്ടായിരുന്നു. പൊലീസുകാരില്‍ 50 വയസിനുമേല്‍ പ്രായമുള്ളവരെയും മറ്റ് അസുഖ ബാധിതരെയും 50ല്‍ താഴെയാണെങ്കിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഇവരെ ഫീല്‍ഡ് ഡ്യൂട്ടിക്കോ വാഹനങ്ങള്‍ പരിശോധിക്കാനോ നിയോഗിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉത്തരവുണ്ടായിട്ടുപോലും പ്രയോജനം ലഭിക്കുന്നില്ലെന്ന പരാതി അന്നുണ്ടായിരുന്നു. ഹോംഗാര്‍ഡുകള്‍ക്ക് മതിയായ സുരക്ഷയില്ലെന്നും പ്രായവ്യത്യാസമില്ലാതെയും രോഗങ്ങള്‍ പരിഗണിക്കാതെയും ഫീല്‍ഡ് ഡ്യൂട്ടിക്കു പോകേണ്ട സാഹചര്യമാണെന്നും ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടിരുന്നു. വീണ്ടും ലോക്ഡൗണ്‍ ആരംഭിക്കുമ്പോള്‍ പോലീസുകാരുടെ സുരക്ഷ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.