കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് കൊവിഡ് രോഗികളുടെ മൃതദേഹം മാറിനല്‍കി. കുന്ദമംഗലം പാണരുകണ്ടിയില്‍ സുന്ദരന്‍ എന്ന വ്യക്തിയുടെ മൃതദേഹത്തിന് പകരം കോഴിക്കോട് കക്കോടി സ്വദേശിയായ കൗസല്യ എന്ന സ്ത്രീയുടെ മൃതദേഹമാണ് ഇന്ന് സുന്ദരന്റെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.

സ്ത്രീയുടെ ബന്ധുക്കള്‍ മൃതദേഹം കൊണ്ടുപോകാന്‍ എത്തിയപ്പോളാണ് വിവരം പുറത്തുവന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സുന്ദരന്റെ ബന്ധുക്കള്‍ ഇന്ന് രാവിലെ കക്കോടി സ്വദേശിയായ സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് കൗസല്യയുടെ ബന്ധുക്കള്‍ മൃതദേഹം പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുന്ദന്റേതെന്ന് പറഞ്ഞ് സുന്ദരന്റെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം കൗസല്യയുടേതാണെന്ന് കണ്ടെത്തുകയും ചെയ്തു.സുന്ദരന്റെ മൃതദേഹം ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ്.