ഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യത ഇല്ലെന്ന് വിദഗ്ധര്‍. അഥവാ ഉണ്ടായാലും ആദ്യത്തേതിനേക്കാള്‍ ശക്തമായിരിക്കില്ലെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നെങ്കിലും ദിനംപ്രതിയുള്ള കേസുകളുടെ എണ്ണവും മരണ നിരക്കും ഗണ്യമായി കുറഞ്ഞ് വരികയാണ്.

സെപ്റ്റംബര്‍ പകുതിയോടെ കോവിഡ് കേസുകളില്‍ വലിയ തോതില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതിന് ശേഷം കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് വരുന്നതായാണ് പ്രമുഖ വൈറോളജിസ്റ്റ് ആയ ഡോ. ഷാഹിദ് ജമീല്‍ പി. ടി. ഐയോട് പറഞ്ഞു.

ആദ്യത്തേത് പോലെ അതിവേഗം രോഗവ്യാപനം ഉണ്ടാകില്ലെന്നും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കില്ലെന്നും ക്ലിനിക്കല്‍ സയന്റിസ്‌റ് ആയ ഡോ. ഗഗന്‍ദീപ് കാങ് പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 26,624 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 341 പേര്‍ മരിച്ചു. 29,690 പേര്‍ക്ക് രോഗ മുക്തിയുണ്ട്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 5.8 ശതമാനത്തിന്റെ വര്‍ധനവുണ്ട്.

രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,00,31,223 ആയി. 95,80,402 പേര്‍ രോഗ മുക്തരായി. നിലവില്‍ 3,05,344 ആക്ടീവ് കേസുകള്‍. 341 പേര്‍ മരിച്ചതോടെ രാജ്യത്തെ ആകെ മരണം 1,45,477 ആയി.അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് ഇന്ത്യയിലാണ്.