അടച്ചിട്ട മുറികളിലും മറ്റും കോവിഡിനെ പ്രതിരോധിക്കാന്‍ ആറടി അകലം മതിയാകില്ലെന്ന് അമേരിക്കയിലെ യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍. ഇത്തരം സ്ഥലങ്ങളില്‍ കൊറോണ വൈറസിന് വായുവിലൂടെ ആറടി ദൂരത്തിനപ്പുറവും ഇരിക്കുന്നവരിലേക്ക് പകരാനാകുമെന്ന് സിഡിസി മുന്നറിയിപ്പ് നല്‍കുന്നു.

ആറടി അകലമെന്ന മാനദണ്ഡമാണ് തൊഴിലിടങ്ങളും റസ്റ്ററന്റുകളും സ്‌റ്റോറുകളുമൊക്കെ നിലവില്‍ പാലിക്കുന്നത്. ഈ സാമൂഹിക അകല മാനദണ്ഡം പിന്തുടര്‍ന്ന് ലോകമെങ്ങും സ്‌കൂളുകളും സിനിമ തിയേറ്ററുകളുമൊക്കെ തുറക്കാന്‍ തുടങ്ങുമ്പോഴാണ് സിഡിസിയുടെ പുതിയ നിലപാട് പുറത്തുവരുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ സിഡിസിയുടെ നിലപാട് ചില സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്. വായുവിലൂടെയുള്ള കോവിഡ് പകര്‍ച്ചയെ സംബന്ധിച്ച് കഴിഞ്ഞ മാസം നടത്തിയ സമാന പ്രസ്താവന പിന്നീട് സിഡിസി വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
ആവശ്യത്തിന് വെന്റിലേഷനില്ലാത്ത അടഞ്ഞ ഇടങ്ങളിലാണ് വായുവിലൂടെ കൊറോണ വൈറസ് പടരാന്‍ സാധ്യത കല്‍പ്പിക്കുന്നത്.