അബുദാബി: യുഎഇയില്‍ കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുന്നണിപ്പോരാളികളുടെ മക്കള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ ചേരുന്നതിന് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയവും ഫ്രണ്ട് ലൈന്‍ ഹീറോസ് ഓഫീസും തമ്മിലുള്ള പങ്കാളിത്തത്തിലാണ് സഹായം നല്‍കുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മുതല്‍ ആശുപത്രി ക്ലീനര്‍മാര്‍ വരെയുള്ളവരുടെ കുട്ടികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക, ട്യൂഷന്‍ നല്‍കേണ്ടി വരുന്നത് കാരണമുണ്ടാകുന്ന സാമ്പത്തിക സമ്മര്‍ദം ലഘൂകരിക്കുക എന്നിവയും പദ്ധതിയില്‍ ലക്ഷ്യമിടുന്നു. സ്‌കൂളില്‍ നിന്ന് ബിരുദം നേടുന്നതുവരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ട്യൂഷന്‍ ഫീസ്്, ഗതാഗതം, ലാപ്‌ടോപ്പ് എന്നിവയുടെ ചെലവുകളടക്കം സ്‌കോളര്‍ഷിപ്പിലൂടെ ലഭ്യമാകും. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ആനുകൂല്യമുണ്ടായിരിക്കുക.

പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയില്‍ ഇതുവരെ 1850 വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള അധ്യയന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ചു. ഇത് അവരുടെ ബിരുദ വര്‍ഷം വരെ നീണ്ടു നില്‍ക്കും. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ വേണ്ടി സെപ്തംബര്‍ 30ന് മുമ്പ് വിശദാംശങ്ങള്‍ സമര്‍പിക്കണം.