ലക്‌നോ: ഗോസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതിനിടെ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ പട്ടിണി മൂലം 152 പശുക്കള്‍ ചത്തതായി കണ്ടെത്തല്‍. കോടികള്‍ ആസ്തിയുള്ള ഗോശാലകളിലാണ് പശുക്കള്‍ പട്ടിണിയെത്തുടര്‍ന്ന് ചത്തു വീണത്. ആഴ്ചകളായി പശുക്കള്‍ക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
128 വര്‍ഷം പഴക്കമുള്ള കാന്‍പൂര്‍ ഗോശാലയിലെ പശുക്കളാണ് ചത്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

dead-cows

220 കോടിയോളം ആസ്തിയുള്ള ട്രസ്റ്റാണ് കാന്‍പൂര്‍ ഗോശാലക്കു നേതൃത്വം നല്‍കുന്നത്. എന്നിട്ടും ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടതിന്റെ ഫലമാണ് ഇത്രയധികം പശുക്കള്‍ ചാവാന്‍ കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗോസംരക്ഷണം വൈകാരികവും മതവിശ്വാസപരമായും നേരിട്ടിരുന്ന ബിജെപി സര്‍ക്കാര്‍ വാഴുന്ന യു.പിയില്‍ തന്നെയാണ് ഇത്രയും പശുക്കള്‍ ചത്തൊടുങ്ങിയതെന്നത് ശ്രദ്ധേയമാണ്. അതേസമയം, പശുക്കള്‍ക്ക് മതിയായ ഭക്ഷണം നല്‍കുന്നുണ്ടെന്ന അവകാശവാദവുമായി ഗോശാല നടത്തിപ്പുകാര്‍ രംഗത്തുവന്നു.