കാസര്‍കോട്: ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കാന്‍ ദേശീയ തലത്തില്‍ മതേതര ജനാധിപത്യ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ടെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് പ്രതിരോധത്തിന്റെ പ്രായോഗികമായ ജനാധിപത്യമാര്‍ഗം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര കക്ഷികളുടെ കൂട്ടായ്മയാണ്.

മതേതര ജനാധിപത്യ കൂട്ടായ്മക്ക് നല്ലകാലമാണ് വരാന്‍പോകുന്നത്. നിലവിലെ സാഹചര്യത്തില്‍ മതേതര കക്ഷികള്‍ക്കാണ് കൂടുതല്‍ സാധ്യതയും. ഇതിന് വേണ്ടവിധം സി.പി.എം സഹകരിക്കുന്നില്ല. ഇതിനിടയില്‍ ഒരു മൂന്നാംചേരി ഫലപ്രദമല്ലെന്ന് സമകാലിക അനുഭവങ്ങള്‍ തെളിയിച്ചതാണ്. ബി.ജെ.പി.യെ ചെറുക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഒരു സഖ്യത്തിനേ കഴിയൂ എന്ന് തിരിച്ചറിഞ്ഞിട്ടും ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെ നിലപാട് അപ്രസക്തമാണ്.

സംഘ്പരിവാര്‍ ഭീഷണിയെ കുറിച്ച് കേരളത്തില്‍ മാത്രം പറയുന്നതിലും ബി.ജെ.പി മുഖ്യശത്രുവാണെന്ന് പ്രസംഗിക്കുന്നതിലും കാര്യമില്ല. ഇനിയും യോജിപ്പിന് തയാറാവേണ്ടതും ബാക്കി നയ തീരുമാനമെടുക്കേണ്ടതും ഇടതുപക്ഷമാണ്. സമകാലിക സാഹചര്യവും അനുഭവങ്ങളും മനസിലാക്കി കാര്യക്ഷമമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് പാര്‍ട്ടി പുനസംഘടിച്ചു കഴിഞ്ഞു. വരുംകാലയളവില്‍ ഊര്‍ജിതമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് മുസ്്‌ലിം ലീഗ് പാര്‍ട്ടി. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും പാര്‍ട്ടി കരുത്താര്‍ജിക്കും. ഇതൊക്കെ അജണ്ടയാക്കി അടുത്തുതന്നെ കേരളത്തില്‍ ദേശീയ സമിതി ചേരുന്നുണ്ട്. ബി.ജെ.പിക്ക് ഗ്രൗണ്ട് ലൂസ് സംഭവിച്ചിരിക്കുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലും കേരളത്തിലും ദേശീയ കക്ഷിയെന്ന നിലയില്‍ അംഗീകാരമുള്ള പാര്‍ട്ടിയെന്ന നിലയില്‍ നല്ല പ്രകടനം കാഴ്ചവെച്ച വെക്കും.

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.പി.എയുടെ പ്രകടനം മെച്ചപ്പെടും. നിലവിലെ സാഹചര്യത്തില്‍ ദേശീയതലത്തിലും സംസ്ഥാനത്തും ഭരണ വിരുദ്ധവികാരം ശക്തമാണ്. നേരത്തെ യു.ഡി.എഫിനെതിരെയുണ്ടായ ബാര്‍ക്കോഴ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് വ്യക്തമായിരിക്കുകയാണ്. എല്‍.ഡി.എഫിന്റെ സമ്മര്‍ദം കൊണ്ടാണ് ആരോപണം ഉന്നയിച്ചതെന്ന് ബാര്‍ മുതലാളിമാര്‍തന്നെ പറഞ്ഞുകഴിഞ്ഞു. ആരോപണം സംബന്ധിച്ച് നടന്ന അന്വേഷണവും എവിടെയും എത്തിയിട്ടില്ലെന്നതും യു.ഡി.എഫിനെതിരെയും മാണി സാറിനെതിരെയും എല്‍.ഡി.എഫ് തൊടുത്തുവിട്ട ആരോപണം അടിസ്ഥാന രഹിതമായിരുന്നുവെന്നതിന് തെളിവാണ്.

കേന്ദ്ര സര്‍ക്കാറിന്റെ നയപരിപാടികളും തീരുമാനങ്ങളും കുത്തക കമ്പനികളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഒന്നും നടക്കാത്ത സംസ്ഥാന ഭരണത്തില്‍ ജനങ്ങള്‍ക്ക് വലിയ അസംതൃപ്തിയുണ്ടെന്നതും ഗൗരവമുള്ള വിഷയമാണ്. ജനവികാരം പൂര്‍ണമായും ദേശീയതലത്തില്‍ യു.പി.എക്കും സംസ്ഥാനത്ത് യു.ഡി.എഫിനും അനുകൂലമാണ്. യു.പി.എ അധ്യക്ഷന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ ജനസമ്മിതിയും മനക്കരുത്തും ദേശീയ തലത്തില്‍ വലിയ ഗുണംചെയ്യും. ഏതുരീതിയിലും യു.പി.എക്ക് മികച്ച തിരിച്ചുവരവുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.