ഒഞ്ചിയം എടക്കണ്ടിക്കുന്നില്‍ ആര്‍ എം പി ഐ പ്രവര്‍ത്തകന്റെ വീട്ടിനു നേരെ അക്രമം. ഒഞ്ചിയം സമര സേനാനി പരേതനായ മനക്കല്‍ത്താഴക്കുനി ഗോവിന്ദന്റെ മകന്‍ എം കെ സുനില്‍ കുമാറിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയാണ് ഒരു സംഘം വീടിനു നേരെ കല്ലേറ് നടത്തിയത്. വീട്ടുകാര്‍ ഉണര്‍ന്ന് വാതില്‍ തുറന്നപ്പോഴേക്കും അക്രമിസംഘം ഓടി മറഞ്ഞു. അക്രമത്തിനു പിന്നില്‍ സി പി എം ആണെന്ന് ആര്‍ എം പി ഐ ആരോപിച്ചു. വീടിന്റെ വടക്കു വശം അടുക്കളയുടെ മൂന്ന് ജനല്‍ പാളികള്‍ കല്ലേറില്‍ പൂര്‍ണ്ണമായും തകര്‍ന്നു.

സംഭവം നടന്നയുടന്‍ ചോമ്പാല പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് എത്തിയത് രാവിലെ 9 മണിയോടെയാണ്. എക്കണ്ടിക്കുന്നിലെ ആര്‍ എം പി പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വെറുതെ വിടില്ല എന്ന തരത്തില്‍ ഏതാനും ദിവസമായി സി പി എം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി ഭീഷണിപ്പെടുത്തി വരുന്നതായും പരാതിയുണ്ട്. പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് അക്രമത്തിനു പിന്നിലെന്നും സംഭവത്തിനു പിന്നില്‍ സി പി എം ക്രിമിനലുകളാണെന്നന്നും ആര്‍ എം പി ഐ ഒഞ്ചിയം ഏരിയാ സെക്രട്ടറി കെ ചന്ദ്രന്‍ ആരോപിച്ചു. പോലീസ് നിഷ്‌ക്രിയത്വം ഉപേക്ഷിച്ച് പ്രതികളെ ഉടന്‍ പിടികൂടണമെന്നും ചന്ദ്രന്‍ ആവശ്യപ്പെട്ടു. ആര്‍ എം പി ഐ നേതാവ് കെ കെ രമ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ജയരാജന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും സ്ഥലം സന്ദര്‍ശിച്ചു. വൈകീട്ട് എടക്കണ്ടിക്കുന്നില്‍ ആര്‍എംപി പ്രതിഷേധ പൊതുയോഗം നടത്തും